ഡി. ലിറ്റ് വിവാദം; ഔദ്യോ​ഗിക ചർച്ചകളോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാർ

കോഴിക്കോട്: കാന്തപരും എ.പി അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നൽകുന്നത് സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ച് കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ. ഇരുവർക്കും ഡി ലിറ്റ് നല്‍കുന്നത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ സതീഷ് അറിയിച്ചു. ഏതെങ്കിലും ഒരംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡി. ലിറ്റ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഖേദകരമാണെന്നും രജിസ്ട്രാര്‍ പറഞ്ഞു.

ഡോ. പി. വിജയരാഘവന്‍ അധ്യക്ഷനായ ഒരു സമിതി ഡി. ലിറ്റ് നാമനിര്‍ദേശങ്ങള്‍ക്കായി നിലവിലുണ്ട്. ആര്‍ക്കെങ്കിലും ഡി. ലിറ്റ് നല്‍കുന്നതിനുള്ള നിര്‍ദേശം ഈ സമിതി വഴി എത്തുകയും സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും വേണം.

സിന്‍ഡിക്കേറ്റ് തീരുമാനം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിക്കുകയും ചാന്‍സലറുടെ അനുമതിയോടെ മാത്രം നടപ്പാവുകയും ചെയ്യുന്നതാണെന്നും രജിസ്ട്രാർ പറഞ്ഞു. കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ തർക്കമുണ്ടായിരുന്നു. ഇടതുപക്ഷ അനുകൂലിയായ സിൻഡിക്കേറ്റ് അംഗം അബ്ദുറഹീം ആണ് വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ഇതിനെ ഇടത് അംഗങ്ങൾ തന്നെ എതിർക്കുകയായിരുന്നു. പ്രമേയം പിൻവലിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും വി.സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

Top