ഡൽഹി: ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. മന്ത്രിയെ പിൻവലിക്കാൻ ഗവർണക്ക് അധികാരം ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു . ഗവർണറുടെ നീക്കങ്ങൾ അപലപനീയം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഗവർണർക്ക് പ്രവർക്കിക്കാൻ ആകില്ല. മന്ത്രിസഭയുടെ ശുപാർശക്കനുസരിച്ചു പ്രവർത്തിക്കുകയാണ് ഗവർണറുടെ ചുമതല. ഗവർണറെ തിരിച്ചു വിളിക്കണമെന്നും ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനമെന്നും പറഞ്ഞ എം വി ഗോവിന്ദൻ ഗവർണർക്ക് കീഴടങ്ങില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രിംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും കേരളത്തിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ എങ്ങനെ മാറ്റാമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചത്. ഗവർണർക്കെതിരായ ബാലഗോപാലിൻറെ പ്രസംഗമാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതിനിടെ ഗവർണറുടെ നടപടിയിൽ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.