ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃതലത്തില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രാദേശിക തലത്തില്‍ നിലവില്‍ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ നെഞ്ചിടിപ്പേറ്റിയ യുദ്ധത്തിന് കാരണക്കാര്‍ നാറ്റോയാണെന്നും റഷ്യയുടെ നടപടി തെറ്റാണെന്നും യുക്രൈനടക്കം യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ നിലവില്‍ സഹകരണം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ സഖ്യത്തിന് വാതിലുകള്‍ തുറന്നു കിടക്കുകയാണ്. എല്ലാ മതേതര ജനാധിപത്യ കക്ഷികളും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗൗരവമായി വിലയിരുത്തണം. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട വിശാല മതേതര കൂട്ടായ്മ ആവശ്യമാണ്. പി എഫ് പലിശ നിരക്ക് കുറച്ച് നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്ന് ഡി രാജ പറഞ്ഞു. എല്ലാ ഘടകങ്ങളിലും പ്രായപരിധി എര്‍പ്പെടുത്തും. ദേശീയ കൗണ്‍സിലില്‍ 75 വയസ് പരമാവധി പ്രായം മാനദണ്ഡമാക്കും. പാര്‍ട്ടി കമ്മിറ്റികളില്‍ 15 ശതമാനം വനിതാ പ്രാതിനിധ്യം കൊണ്ടുവരും. ബ്രാഞ്ച് സെക്രട്ടറിയുടെ പ്രായപരിധി 45 വയസ്സാക്കും. ജില്ലാ സെക്രട്ടറിമാര്‍ക്ക് പരമാവധി 60 വയസ്സ് പ്രായപരിധിയാക്കാനും തീരുമാനമുണ്ട്.