സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. രാജയുടെ പേര് പാർട്ടി കോൺഗ്രസ് ഒറ്റക്കെട്ടായാണ് അംഗീകരിച്ചത്. കെ പ്രകാശ് ബാബുവിനെയും,പി.സന്തോഷ് കുമാറിനെയും ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി.
2019ൽ ജനറൽ സെക്രട്ടറിയായിരുന്ന സുധാകര റെഡ്ഡി അസുഖബാധിതനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഡി.രാജ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലാദ്യമായായിരുന്നു ഒരു ദളിതൻ പാർട്ടി തലപ്പത്തേക്ക് വന്നത്. അതിന് ശേഷം മൂന്ന് വർഷത്തോളം അദ്ദേഹം പാർട്ടി സെക്രട്ടറിയായി തുടരുകയും ചെയ്തു.
വിജയവാഡയിൽ നടന്ന യോഗത്തിൽ എതിർ സ്വരങ്ങളൊന്നും തന്നെയില്ലാതെ ഐക്യകണ്‌ഠേനയായിരുന്നു തീരുമാനം.ഡി.രാജയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നതിൽ കേരളത്തിന് എതിർപ്പുണ്ടായിരുന്നുവെങ്കിലും പരസ്യമായ എതിർപ്പിലേക്ക് കേരളം പോയിരുന്നില്ല. കോൺഗ്രസുമായും സിപിഎമ്മുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതു കൊണ്ട് തന്നെ രാജയെ സെക്രട്ടറി സ്ഥാനത്ത് നിലനിർത്താൻ യോഗം തീരുമാനിക്കുകയായിരുന്നു.
കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ,ബിനോയ് വിശ്വം,കെ പ്രകാശ് ബാബു,ഇ.ചന്ദ്രശേഖരൻ,കെ പി രാജേന്ദ്രൻ,കെ രാജൻ,പി പ്രസാദ്,ജി ആർ അനിൽ,പി പി സുനീർ,ജെ ചിഞ്ചുറാണി,പി വസന്തം,രാജാജി മാത്യു തോമസ്,പി സന്തോഷ് കുമാർ എം പി, ചിറ്റയം ഗോപകുമാർ,ടി ടി ജിസ്‌മോൻ,സത്യൻ മൊകേരി എന്നിവരാണ് സിപിഐ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.