ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്

രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന നടി ആശാ പരേഖിന്. കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്യും. രണ്ട് വർഷത്തിന് ശേഷമാണ് രാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്യുന്നത്. സിനിമയിലെ സേവനങ്ങള്‍ക്ക് 1992ല്‍ പത്മശ്രീ പുരസ്‌കാരവും ആശാ പരേഖിന് ലഭിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ സംവിധായികയായും നിര്‍മ്മാതാവായും ബോളിവുഡ് ചലച്ചിത്ര രംഗത്ത് ആശ പരേഖ് സജീവമായിരുന്നു. 1959 മുതൽ 1973 വരെയുള്ള കാലങ്ങളിൽ ഏറ്റവുമധികം സൂപ്പർഹിറ്റുകളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നടിയാണ് ആശ. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ആശ അറിയപ്പെടുന്നത്. 1952ൽ ബിമൽ റോയ് സംവിധാനം ചെയ്ത ‘മാ’ എന്ന സിനിമയിൽ ബാലതാരമായാണ് ആശാ പരേഖ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിന് ശേഷം വിദ്യാഭ്യാസത്തിനായി ആശ ഇടവേളയെടുത്തു.

 

Top