ദാദാസാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍: മികച്ച വില്ലനുള്ള അവാർഡ് ദുൽഖർ സൽമാൻ നേടി

ലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയരാൻ സാധിച്ചു. ഇപ്പോഴിതാ കരിയറിലെ മികച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ.

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മികച്ച വില്ലനായി തെരഞ്ഞെടുത്തിരിക്കുന്നത് ദുൽഖറിനെ ആണ്. ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ചിത്രത്തിലെ ഡാനി എന്ന കഥാപാത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. ഒരു സൈക്കോ കില്ലറായിരുന്നു ഈ കഥാപാത്രം. ചിത്രത്തിന്റെ സംവിധായകന്‍ ആർ ബൽക്കിക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരിക്കുന്നത്.

“ഇത് പ്രത്യേകമായി തോന്നി! ഹിന്ദി സിനിമയ്ക്കുള്ള എന്റെ ആദ്യത്തെ അവാർഡ്. ഒപ്പം നെഗറ്റീവ് റോളിൽ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹേബ് ഫാല്‍കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അത്തരമൊരു നല്ല ആതിഥേയനായിരുന്ന അഭിഷേക് മിശ്രയ്ക്കും നന്ദി. ശരിക്കും നന്ദി പറയേണ്ടത് ബൽക്കി സാറിനോടാണ്. അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് അറിയില്ല. എന്നിൽ അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യവും മാർഗദർശനവും ദർശനവുമായിരുന്നു എല്ലാം. ഛുപ്പിൽ എനിക്ക് മികച്ച അനുഭവം നൽകിയതിന് സാറിനും ടീമിനും നന്ദി. ഇത് അവാർഡ് നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്”, എന്നാണ് സന്തോഷം പങ്കുവച്ച് ദുൽഖർ കുറിച്ചത്.

മറ്റ് വിജയികൾ

മികച്ച ചിത്രം: ദ കശ്മീർ ഫയൽസ്

മികച്ച സംവിധായകൻ: ആർ ബൽക്കി ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്

മികച്ച നടൻ: രൺബീർ കപൂർ ബ്രഹ്മാസ്ത്ര: ഭാഗം 1

മികച്ച നടി: ആലിയ ഭട്ട്, ഗംഗുഭായ് കാത്യാവാഡി

മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍: കാന്താരയ്ക്ക് വേണ്ടി റിഷബ് ഷെട്ടി

മികച്ച സഹനടൻ: മനീഷ് പോൾ

ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ

മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നസ്

ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ ഭേദിയ

ഫിലിം ഓഫ് ദി ഇയർ: ആർആർആർ

ടെലിവിഷൻ സീരീസ്: അനുപമ

ബഹുമുഖ നടൻ: ദ കശ്മീർ ഫയൽസിനായി അനുപം ഖേർ

മികച്ച ഗായകൻ: സച്ചേത് ടണ്ടൻ

മികച്ച ഗായിക: നീതി മോഹൻ

മികച്ച ഛായാഗ്രാഹകൻ: വിക്രം വേദയ്ക്ക് പി എസ് വിനോദ്

സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരൻ

Top