ലഖ്‌നൗ: ഗോവധത്തിന്റെ പേരില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ നടപടി എടുക്കണമെന്ന് ബിജെപിയും ശിവസേനയും. ദാദ്രിയിലെ നിരോധനാജ്ഞ ലംഘിച്ച് തിങ്കളാഴ്ച ബിഷാറ ഗ്രാമത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബിജെപി-ശിവസേനാ നേതാക്കള്‍ ആവശ്യമുന്നയിച്ചത്.
വീട്ടില്‍ ഗോമാംസം വെച്ചെന്നാരോപിച്ച് കഴിഞ്ഞ സപ്തംബറിലാണ് അഖ്‌ലാഖിനെ ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നീടു നടത്തിയ പരിശോധനയില്‍ അഖ്‌ലാഖിന്റെ വീട്ടിലെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നത് മട്ടണ്‍ ആണെന്നു കണ്ടെത്തിയിരുന്നു.
എന്നാല്‍, ഈയിടെ പുറത്തുവന്ന ലാബ് റിപ്പോര്‍ട്ടില്‍ ഇതു വീണ്ടും ഗോമാംസമാണെന്ന പരിശോധനാഫലം പുറത്തുവന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെങ്കിലും ഹിന്ദു സംഘടനകള്‍ പുതിയ ആവശ്യവുമായി രംഗത്തെത്തി.
അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുത്തില്ലെങ്കില്‍ ഗ്രാമം വീണ്ടും പൊതുജന രോഷത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് നേതാക്കളുടെ ഭീഷണി. ‘ഞങ്ങള്‍ 20 ദിവസം നല്‍കുന്നു. അതിനുള്ളില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പൊതുജനരോഷത്തെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല’ ബിജെപി പ്രാദേശിക നേതാവും അഖ്‌ലാഖ് വധത്തില്‍ പ്രതിയായ വിശാല്‍ റാണയുടെ പിതാവുമായ സഞ്ജയ് റാണ യോഗത്തില്‍ പറഞ്ഞു.