Dadri lynching case ; Section 144 imposed in Bishad village

യുപി: ഉത്തര്‍പ്രദേശില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ നാടായ ദാദ്രിയില്‍ വീണ്ടും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അഖ്‌ലകിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ബീഫ് തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനു പിറകേ ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കെതിരെ ഗോവധത്തിന് കേസെടുക്കണമെന്നായിരുന്നു എംപിയുടെ ആവശ്യം. തൊട്ടു പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് മഹാപഞ്ചായത്ത് അഖ്‌ലാഖിന്റെ വീട് ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്‍വലിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. പുറത്തു വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് യുപി സര്‍ക്കാരും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളായ ഹിന്ദുക്കളാണെന്നും എംപി പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ ആധികാരികത മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദ്യം ചെയ്തു. റിപ്പോര്‍ട്ട് ദുരൂഹത ഉണ്ടാക്കുന്നതാണെന്നും എവിടെ നിന്നാണ് ഈ സാമ്പിളുകള്‍ കിട്ടിയതെന്നും അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.

അതേ സമയം പുതിയ ലാബ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് അഖ്‌ലാഖ് കുടുംബത്തിന്റെ അഭിഭാഷകന്‍ യൂസഫ് ഖാന്‍ അറിയിച്ചു.

Top