ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന സംശയം ആരോപിച്ച് ഒരു ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ അമ്പതുകാരന്‍ മുഹമ്മദ് അഖ്‌ലാഖിന്റെ വസതിയില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് യുപി മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചീഫ് വെറ്റിനറി ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലപ്പെട്ടയാളുടെ ഫ്രിഡ്ജിലെ മാംസമെടുത്തു രാസപരിശോധന നടത്തിയ ശേഷമാണ് വെറ്റിനറി ഓഫീസര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
നുണക്കഥകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു ചിലര്‍ നടത്തിയ ആസൂത്രിത പ്രചാരണമാണ് ഒരു മധ്യവയസ്‌കന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മുഹമ്മദിനെ തല്ലിക്കൊന്ന വര്‍ഗീയവാദികള്‍ 22-കാരനായ മകനെയും ക്രൂരമായി മര്‍ദിച്ചിരുന്നു.
സംഭവത്തില്‍ 15 പേര്‍ക്കെതിരെ യുപി പോലീസ് കുറ്റപത്രം തയാറാക്കിയിരുന്നു. ബീഫ് നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനമാണു യുപി.