ന്യൂഡല്‍ഹി: ഗോമാംസം വീട്ടില്‍ സൂക്ഷിച്ചതിന് സംഘപരിവാറുകാര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് ഗോമാംസം തന്നെയായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
യുപി പൊലീസ് പരിശോധനയ്ക്കായി മഥുരയിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ച മാംസ സാംപിളിന്റെ പരിശോധനയിലാണ് പിടിച്ചെടുത്തത് പശുവിന്റെയോ ആ വിഭാഗത്തില്‍പ്പെടുന്നതോ ആയ മാംസം ആകാമെന്നു റിപ്പോര്‍ട്ട് ലഭിച്ചത്.
കശാപ്പു ചെയ്യുന്നത് നിരോധിച്ചിട്ടുള്ള മൃഗത്തിന്റെ മാംസമാണ് അഖ്‌ലാഖിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്തതെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി.
അതേസമയം അഖ്‌ലാഖിന്റെ കൊലപാതകമാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്നും, അല്ലാതെ ഗോവധമല്ലെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പ്രതികരിച്ചു. മാംസം ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചത് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നറിയാനാണെന്നും അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ 28നാണ് ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ ഗോംമാസം ഭക്ഷിച്ചു എന്നതിന്റെ പേരിലാണ് മുഹമ്മദ് അഖ്‌ലാഖിനേയും അയാളുടെ മകന്‍ ഡാനിഷിനേയും സംഘപരിവാറുകാര്‍ ആക്രമിച്ചത്. ആക്രമണത്തില് അഖ്‌ലാഖ് കൊല്ലപ്പെടുകയും, തലയോട്ടിക്ക് പൊട്ടലേറ്റ ഡാനീഷ് അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. അഖ്‌ലാഖിന്റെ വധത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ വന്‍ പ്രതിഷേധ സമരങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ തങ്ങള്‍ക്ക് ലഭിച്ച കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയാണ് ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ചത്