കാഠ്മണ്ഡു: ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാള്‍. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കിയത്. രാജ്യത്ത് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്വരയിലാണ് നിര്‍ദേശം കര്‍ശനമാക്കിയിരിക്കുന്നത്.
‘നുഴഞ്ഞുകയറ്റക്കാര്‍’ ആത്മഹത്യ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റന്റ് ജില്ല ഭരണാധികാരി കൃഷ്ണ ബഹാദൂര്‍ കതുവാള്‍ പറഞ്ഞു.
നേപ്പാളില്‍ 20,000ത്തോളം ടിബറ്റുകാരാണ് ഉള്ളത്. ടിബറ്റുകാരുടെ നിലപാടില്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. ചൈന ദലൈലാമയെ വിഘടനവാദിയായാണ് കാണുന്നത്. ദലൈലാമയുടെ 84-മത്തെ ജന്മദിനമാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്.