ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ ദളിത് സംഘടനകള്‍ നടത്തിയ ബന്ദിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാനങ്ങളോട് എസ് സി എസ് ടി കമ്മീഷന്‍ വിശദീകരണം തേടി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അക്രമ സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കാനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നല്കിയ ഉത്തരവിനെതിരേ ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. ബന്ദിനെ തുടര്‍ന്നു ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.