ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരായ കുട്ടികള്‍ക്ക് ക്രൂരമര്‍ദനം; പ്രതികൾ പിടിയിൽ

പാട്‌ന: കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിതരായ കുട്ടികള്‍ക്ക് ക്രൂരമര്‍ദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുകൂട്ടമാണ് മൂന്ന് ആണ്‍കുട്ടികളെ ക്രൂരമായ രീതിയില്‍ ശിക്ഷിച്ചത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തിയാണ് നാട്ടുകാര്‍ കുട്ടികളെ മര്‍ദിച്ചത്.

ഇതിനുശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ കുട്ടികളെ മര്‍ദിച്ചവര്‍ക്കെതിരേ കേസെടുത്തതായും ആറു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കുട്ടികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കുട്ടികളെ അടിക്കുന്നതിന്റെയും വട്ടത്തില്‍ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

പൊലീസ് സൂപ്രണ്ട് രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നതെന്ന് ഗയ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആദിത്യകുമാര്‍ പറഞ്ഞു. സംഭവത്തില്‍ കടയുടമ മുഹമ്മദ് ഷേരു ആലം, മുഹമ്മദ് സിന്നത്, മുഹമ്മദ് തേസു, അമര്‍ജീത് സിങ്, മുഹമ്മദ് നാസിര്‍, മുഹമ്മദ് അക്തര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും പോക്‌സോ വകുപ്പടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Top