പൂന: ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ ദളിത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പൂജാ സാകേത് എന്ന പത്തൊമ്പതുകാരിയുടെ മൃതദേഹമാണ് കിണറില്‍ കണ്ടെത്തിയത്. കലാപത്തെ തുടര്‍ന്ന് പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ താമസിക്കുന്ന പ്രദേശത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ജനുവരിയില്‍ ദളിതുകള്‍ക്ക് എതിരായി നടന്ന കലാപത്തില്‍ പൂജയുടെ വീടും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. ഇതിനു പൂജ ദൃക്‌സാക്ഷിയായി. വീട് തീവച്ചു നശിപ്പിച്ചവര്‍ക്കെതിരായ മൊഴി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പൂജയ്ക്ക് മേല്‍ ഭീഷണിയും സമ്മര്‍ദ്ദവും ശക്തമായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. ശനിയാഴ്ച മുതല്‍ പൂജയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
പൂജയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു പേരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പൂജയുടെ വീട്ടുകാരും പ്രതികളില്‍ ചിലരും തമ്മില്‍ ചില സ്വത്തുതര്‍ക്കം നിലനിന്നിരുന്നതായും ഇവരെ കുടുക്കാന്‍ പൂജയുടെ മരണം ബന്ധുക്കള്‍ ഉപയോഗിക്കുകയാണെന്നുമാണ് പൂന റൂറല്‍ എസ്പി സുവേസ് ഹഖിന്റെ വാദം.
ഈ വര്‍ഷം ജനുവരി ഒന്നിനു ഭീമാ കൊറേഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിതര്‍ക്കു നേരെ സവര്‍ണ വര്‍ഗീയവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത് പിന്നീട് വര്‍ഗീയ കലാപത്തിലേക്കു നീങ്ങി. ഏറ്റുമുട്ടലില്‍ ഒരു ദളിതന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കു പറ്റുകയും ചെയ്തു.