തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ അടുത്തിടെ ജോലി കിട്ടിയ ക്ലാസ് ഫോര്‍ ജീവനക്കാരനായ യുവാവിന് ഐഎഎസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണി. ദളിത് ഉദ്യോഗസ്ഥനായ യുവാവിന് ചുമതല കിട്ടിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ സഹായിയായാണ്. യുവാവിനോട് അത്ര പ്രതിപത്തി തോന്നാതിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി യുവാവിനെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.
ഭക്ഷണം കഴിച്ചതിന്റെ എച്ചിലെടുക്കാന്‍ തന്നോട് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടതായി ക്ലാസ്‌ഫോര്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി. പാത്രം കഴുകാതെ വലിയ പാത്രത്തിനകത്താക്കി ഡ്രൈവറുടെ കയ്യില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയ ശേഷം എന്താണ് കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച് ചോദിക്കും. പേപ്പറുകള്‍ കീറി ഓഫീസിലിട്ട ശേഷം തന്നോട് പെറുക്കിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും യുവാവ് പറയുന്നു.
മേലുദ്യോഗസ്ഥന്റെ പീഡനം അസഹനീയമായതോടെ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരിക്കുകയാണ് ഈ ജീവനക്കാരന്‍.