അശോക് ദോഹ്‌രെ, ഛോട്ടെലാല്‍ കര്‍വാര്‍, യശ്വന്ത് സിങ്, സാവിത്രി ഭായ് ഫൂലെ.. ബിജെപിയുടെ ദളിത് വിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിച്ച പാര്‍ട്ടിയുടെ ദളിത് എംപിമാരാണ് ഇവര്‍. എല്ലാവരും ഉത്തര്‍പ്രദേശില്‍ നിന്ന് ആദ്യമായി എംപി സ്ഥാനത്തെത്തിയവര്‍. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും അവഗണിക്കുന്ന കാര്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ 30 കോടി ദളിതര്‍ക്ക് വേണ്ടി എന്‍ഡിഎ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നാണ് ബിജെപി എംപി യശ്വന്ത് സിങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കുറിപ്പില്‍ പറഞ്ഞത്.
അതിനുംമുന്‍പ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനും സംസ്ഥാനത്തെ മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ പൊട്ടിത്തെറിച്ചത് റോബെര്‍ട്ട്‌ഗെഞ്ച് എംപി ഛോട്ടേലാല്‍ കര്‍വാര്‍ ആയിരുന്നു. സഹായത്തിനായി മുഖ്യമന്ത്രിയെ സമീപിച്ച തന്നെ ഓഫീസില്‍ നിന്ന് അസഭ്യം പറഞ്ഞ് പുറത്താക്കിയെന്നായിരുന്നു ഛോട്ടേലാലിന്റെ ആരോപണം. യുപിയിലെ ദളിതുകളെ പൊലീസ് മനപ്പൂര്‍വ്വം ലക്ഷ്യം വെക്കുന്നുവെന്നായിരുന്നു എതാവാഹ് എംപി അശോക് ദോഹ്‌രെ പറഞ്ഞത്.
പട്ടികജാതി, പട്ടികവര്‍ഗ നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രീം കോടതി ഉത്തരവോടെയാണ് ഉത്തര്‍പ്രദേശിലെ ദളിത് പ്രക്ഷോഭം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നത്. ഇതിനെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് സാവിത്രിഭായ് ഫൂലെ എംപി. വിധിയില്‍ പ്രതിഷേധിച്ച് നടന്ന ഭാരതബന്ദില്‍ ദളിത് പ്രതിഷേധം കത്തിക്കയറുന്നത് രാജ്യം കണ്ടു.
മുകളില്‍ പറഞ്ഞ നാല് എംപിമാരും ബിജെപിയിലേക്ക് വന്നുചേര്‍ന്നവരാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിലോ ബിജെപി വേരുകളിലോ ഇല്ല ഇവരുടെ രാഷ്ട്രീയജീവിതം വളര്‍ന്നത്. ബിഎസ്പിയില്‍ നിന്ന് 2002ലാണ് ഫൂലെ ബിജെപിയിലേക്കെത്തിയത്. യശ്വന്ത് സിങ്ങും അശോക് ദോഹ്‌രെയും മായാവതി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫൂലെയും ദോഹ്‌രെയും ബിഎസ്പിയിലേക്ക് മടങ്ങിപ്പോകാനാണ് സാധ്യത. യശ്വന്ത് സിങ്ങും പാര്‍ട്ടി വിട്ടേക്കും. പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന സൂചനകള്‍ തന്നെയാണ് ഛോട്ടേലാലും നല്‍കുന്നത്.
ഈ നാലില്‍ മൂന്ന് പേരും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ 50 ശതമാനത്തോളവും ദളിത് മുസ്ലിം വോട്ടര്‍മാരുണ്ട്. എതാവാഹ് മണ്ഡലത്തില്‍ ഇത് 30 ശതമാനമാണ്. ബിജെപി ടിക്കറ്റില്‍ വീണ്ടും ജയിച്ചുകയറുക എന്നത് ഈ നാല് എംപിമാര്‍ക്കും ഇനി ദുഷ്‌കരമാണ്. എസ്പി-ബിഎസ്പി കൂട്ടുകെട്ടിനൊപ്പം കോണ്‍ഗ്രസ് കൂടി ചേരുന്നതോടെ കാര്യങ്ങള്‍ ഇവര്‍ക്ക് അനുകൂലമാകില്ല. എന്നാല്‍ ബിജെപി വിട്ട് ബിഎസ്പിക്കൊപ്പം ചേരുന്നതോടെ കാര്യങ്ങള്‍ മാറിമറിയും.
ഈ നാല് മണ്ഡലങ്ങളിലും ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ട് എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യത്തിനുണ്ട്. നാല് എംപിമാരും മോദി തരംഗത്തില്‍ ജയിച്ചുകയറിയവരാണ്. കഴിഞ്ഞ മാസം ഫുല്‍പൂരിലും ഗോരഖ്പൂരിലും നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ എസ്പി-ബിഎസ്പി സഖ്യം വ്യക്തമായ ആധിപത്യം നേടി.
രാഷ്ട്രീയപാര്‍ട്ടികളുടെ കണക്കുകള്‍ പ്രകാരം 2014ല്‍ നടന്ന തെരഞ്ഞെടുപ്പിലെ ദളിത്,മുസ്ലിം,യാദവ വോട്ടുകള്‍ 40 ശതമാനത്തിന് മേലെയാണ്. 73 സീറ്റുകളില്‍ 44 എണ്ണത്തിലെ കണക്കാണിത്. 37 സീറ്റുകളില്‍ എസ്പിയും ബിഎസ്പിയും ബിജെപിയെക്കാളധികം വോട്ടുനേടി. കോണ്‍ഗ്രസ് കൂടിയുണ്ടായിരുന്നെങ്കില്‍ 37 എന്നത് 51 ആയേനെ.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ ക്രമം മാറ്റമില്ലാതെ തുടര്‍ന്നു. 2017ല്‍ ബിജെയും സഖ്യകക്ഷികളും ചേര്‍ന്ന് 34.4 ദശലക്ഷം വോട്ടുകള്‍ സംസ്ഥാനത്ത് നേടി. അതേസമയം എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത് 43.6 ദശലക്ഷം വോട്ടുകളും.
പ്രത്യേകിച്ച് തരംഗങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത 2019ല്‍ യുപിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജാതിക്കണക്കുകളെ ആശ്രയിച്ചിരിക്കും.
അടുത്തുതന്നെ ബിജെപി അധികാരത്തിലുള്ള കരിയാന മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് സഖ്യമാകും ഇവിടെ ബിജെപിക്കെതിരെ ഇറങ്ങുക. കരിയാനയും ബിജെപിയെ കൈവിട്ടാല്‍ ഒരു പൊട്ടിത്തെറി കൂടി പ്രതീക്ഷിക്കാം. ബിജെപിക്കെതിരായ ദളിത് പ്രക്ഷോഭം അടുത്തെങ്ങും അവസാനിക്കില്ലെന്ന് വ്യക്തം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് വ്യക്തിമായി പ്രതിഫലിക്കുകയും ചെയ്യും.
റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍