ദളിത് സ്ത്രീയുടെ ആയുസ് 39 വയസ്; മരണ നിരക്കില്‍ പതിനാലു വയസിന്റെ വ്യത്യാസമെന്ന് യുഎന്‍

un

ന്യൂഡല്‍ഹി: ഒരു ദളിത് സ്ത്രീയുടെ ശരാശരി പ്രായം 39 വയസ്സില്‍ അവസാനിക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകളെ അപേക്ഷിച്ച് ദളിത് വിഭാഗത്തിലെ സ്ത്രീകളുടെ മരണ നിരക്ക് 14.6 വര്‍ഷത്തിന്റെ വ്യത്യാസമാണ് കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ശുചിത്വമില്ലായ്മയും ശുദ്ധജല ദൗര്‍ലഭ്യവുമാണ് ഇന്ത്യയിലെ ദളിത് സ്ത്രീകളുടെ വംശനിരക്ക് ഇത്രയും വ്യത്യാസപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് സ്റ്റഡിസ് 2013-ല്‍ നടത്തിയ പഠന പ്രകാരമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

ശരാശരി ഒരു ദളിത് സ്ത്രീയുടെ മരണ നിരക്ക് 39.5 വര്‍ഷമാണ്. മറ്റ് ഇതര വിഭാഗക്കാരെ അടിസ്ഥാനമാക്കിയാല്‍ അവരുടെ ശരാശരി പ്രായം 54 വയസാണ്. ഇത് അടിസ്ഥാനമാക്കി 14.5 വര്‍ഷത്തെ വ്യത്യാസമാണ് വ്യക്തമാക്കുന്നത്. 89 രാജ്യങ്ങളില്‍ നിന്നുള്ള പഠനത്തിന്റെ ഭാഗമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2013-ല്‍ തയാറാക്കിയ റിപ്പോര്‍ട്ട് രണ്ടര വര്‍ഷത്തിന് ശേഷമാണ് പുറത്ത് വിട്ടത്.

ജീവിത രീതിയിലുള്ള വ്യത്യാസവും, സാമ്പത്തികമായുള്ള ഉയര്‍ച്ച താഴ്ചകളും പോലെ പ്രായത്തിന്റെ അടിസ്ഥാനത്തിലും ജാതീയമായി സ്ത്രീകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതേസമയം ദളിത് സ്ത്രീകളുടെ സാമൂഹിക ചുറ്റുപാട്, ജീവിത രീതി, ആരോഗ്യനില എന്നിവ മറ്റു ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീകളില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലദൗര്‍ലഭ്യം, ശുചിത്വ മില്ലായ്മയും, ആരോഗ്യ പരിരക്ഷയില്ലായ്മയുമാണ് പ്രധാനമായും ചെറുപ്രായത്തില്‍ തന്നെ സ്ത്രീകള്‍ മരണപ്പെടാന്‍ കാരണമാകുന്നതെന്നാണ് കണ്ടെത്തലുകള്‍.

അതുപോലെ, സമ്പത്തിന്റെ കാര്യത്തിലും ഇവര്‍ക്കിടയില്‍ വലിയ അന്തരമാണ് സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും ഇവര്‍ ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നു. താഴ്ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം, കുറഞ്ഞ വേതനത്തിലുള്ള ജോലി തുടങ്ങിവ ഇവരുടെ ജീവിത രീതി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കൂടാതെ പലയിടങ്ങളിലും ഇവര്‍ അതിക്രമത്തിനിടയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ ചെറു പ്രായത്തിലുള്ള വിവാഹവും നേരത്തെയുള്ള മരണത്തിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

89 രാജ്യങ്ങളില്‍ നിന്നുള്ള കണക്ക് പ്രകാരം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 330 ദശലക്ഷം പേരും ഇപ്പോഴും ദരിദ്ര രേഖയ്ക്ക് താഴെയാണെന്നാണ് വിലയിരുത്തുന്നത്. ഇന്നും സമൂഹത്തില്‍ ദളിത് സ്ത്രീകളും പെണ്‍കുട്ടികളും പിന്നോട്ട് തന്നെയാണ് നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതുപോലെ സമൂഹത്തില്‍ പലതരം അവഗണനകള്‍ക്കും അസ്വസ്ഥതകള്‍ക്കും അവര്‍ പാത്രമാകുന്നുവെന്നും റിപ്പോര്‍ട്ടു സൂചിപ്പിക്കുന്നു.

Top