മുസഫര്‍നഗര്‍: രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോഴും ദളിതര്‍ക്ക് നേരെയുള്ള ക്രൂരതയ്ക്ക് അറുതിയില്ല. യു.പിയിലെ ഭാഗ്ര ഗ്രാമത്തില്‍ മോഷണം ആരോപിച്ച് അഞ്ചുപേരടങ്ങുന്ന സംഘം ദളിതനെ തല്ലിക്കൊന്നു. അങ്കിത് എന്ന തൊഴിലാളിയാണ് ക്രൂരതയ്ക്ക് ഇരയായത്. ആക്രമണത്തിന് ശേഷം ഇയാളെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിച്ചയാളുടെ മാതാവിന്റെ പരാതിയില്‍ രാംപാല്‍, ലോകേഷ്, അജയ്, അമിത്, ഹസീന്‍ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് ഓഫിസര്‍ പറഞ്ഞു. കുറ്റം സമ്മതിച്ച പ്രതികള്‍ തങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസിനോട് പറഞ്ഞു.