ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം നേടി അറുപത്തിയഞ്ച് വര്‍ഷത്തിലധികം പിന്നിട്ടിട്ടും ദളിത് ജനതയോടുള്ള വിവേചനം അവസാനിച്ചിട്ടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരായ പ്രക്ഷോഭത്തിന് എസ്എഫ്‌ഐ നേതൃത്വം നല്‍കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജസ്ഥാനിലെ സിക്കറില്‍ നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു യെച്ചൂരി. അഖിലേന്ത്യാ സമ്മേളനത്തില്‍ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ആരംഭിക്കും.
എസ്എഫ്‌ഐ പോലുള്ള പുരോഗമന വിദ്യാര്‍ത്ഥി സംഘടനകള്‍ ദുര്‍ബലമാകുന്നത് ക്യാമ്പസുകളില്‍ ജാതി സംഘടനകളും അരാഷ്ട്രീയ പ്രസ്ഥാനങ്ങളും വളരാന്‍ ഇടയാക്കുമെന്ന് യെച്ചൂരി പറഞ്ഞു. നവ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന പുത്തന്‍ സാമ്പത്തിക ശക്തികളുടെ പ്രധാന അജണ്ടകളില്‍ ഒന്ന് അരാഷ്ട്രീയം വളര്‍ത്തുകയാണ്. ഇതിന്റെ ഭാഗമായി ക്യാമ്പസുകളില്‍ രൂപപ്പെടുന്ന സ്വത്വ രാഷ്ടീയ ശക്തികള്‍, എസ്എഫ്‌ഐ പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ ദളിത് വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താന്‍ കഴിയൂ. സ്വകാര്യമേഖലയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി സിപിഐഎം സന്ധിയില്ലാത്ത സമരത്തിലാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ചരിത്രത്തെ വളച്ചൊടിച്ചും രാജ്യത്തിന്റെ വൈവിദ്ധ്യങ്ങള്‍ ഇല്ലായ്മ ചെയ്തും വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും യെച്ചുരി എസ്എഫ്‌ഐ സമ്മേളന പ്രതിനിധികളോട് ആഹ്വാനം ചെയ്തു. അഖിലേന്ത്യാ സമ്മേളനത്തില്‍ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് ദേശീയ സെക്രട്ടറി റിതബ്രത ബാനര്‍ജി അവതരിപ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നടക്കും.