കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദലിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസിനോട് ചോദിച്ചാല്‍ വിവരം ലഭിക്കുമെന്ന് പിണറായി പറഞ്ഞു.
കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിലിറങ്ങിയ പെണ്‍കുട്ടികളിലൊരാളായ അഞ്ജനയാണ് ഇന്നലെ രാത്രി 11.30 ഓടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
അമിതമായ നിലയില്‍ മരുന്ന് ഉള്ളില്‍ എത്തിയ നിലയില്‍ കണ്ടെത്തിയ ഇവര്‍ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് അഞ്ജനയെ പ്രവേശിപ്പിച്ചത്.
ഇന്നലെയാണ് ഉപാധികളോടെ തലശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പിതാവാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
എല്ലാ ശനിയാഴ്ചയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് ഉപാധി. ഇവരെ പാസ്‌പോര്‍ട്ട് സ്‌റ്റേഷനില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന രണ്ട് പെണ്‍കുട്ടികളും സിപിഐഎം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതിയിലാണ് പെണ്കുട്ടികളെ അറസ്റ്റ് ചെയ്തത്.