ശക്തമായ പ്രതിഷേധം ; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു

കൊച്ചി : പാലാരിവട്ടത്ത് യുവാവിന്‍റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ജനരോഷമുയർന്നതോടെ പ്രശ്നത്തിൽ ഇടപെട്ട കല്ക്ടർ അന്ത്യശാസനം നൽകിയതോടെയാണ്‌ ജല അതോറിറ്റി ഉദ്യോഗസ്‌ഥർ രാത്രിയിൽ തന്നെ കുഴിയടച്ചത്.

ഒരു ജീവൻ പൊലിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു ഉഴപ്പന്മാരായ ഉദ്യോഗസ്ഥർക്ക് ഇതുപോലെ രാത്രിക്ക് രാത്രി വന്ന് ജോലി തീർക്കാൻ. എത്രയും വേഗം കുഴിയടച്ചില്ലെങ്കിൽ സ്വന്തം ജോലി പോവുമെന്നും കേസെടുക്കും എന്നും കലക്‌ടർ മുന്നറിയിപ്പ് കൊടുത്തതോടെയാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ അർധരാത്രി തന്നെ എത്തി പൈപ്പ് ലൈനിലെ ചോർച്ച തടയാനും മരണകുഴി അടയ്ക്കാനും തുടങ്ങിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തൊട്ടുപിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്.മുമ്പ് ചെറിയ കുഴിയായിരുന്നു ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക്കുഴിയുടെ രൂപം മാറി. എന്നാല്‍ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വെച്ച ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്.

Top