ഡാമുകള്‍ തുറന്നു; കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത

kadakampally surendran

തിരുവനന്തപുരം : തിരുവനന്തപുരത്തെ കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത. തിരുവനന്തപുരത്തുള്ള ഡാമുകള്‍ തുറക്കേണ്ടി വന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും റോഡുകള്‍ കാണാന്‍ സാധിക്കാത്ത സാഹചര്യമായി മാറിക്കഴിഞ്ഞു.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങളെ കാണാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥലത്ത് എത്തി. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ആളുകള്‍ മലയോര മേഖലകളിലേക്ക് പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു.

അതേസമയം ഉന്നതതല യോഗത്തില്‍ അടിയന്തരമായി നടപടി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയരാതിരിക്കുവാന്‍ നടപടിയെടുക്കണമെന്നാണ് കേരളം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണിയും നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ സൂക്ഷ്മമായി ഇടുക്കിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട ഒരു അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും എംഎം മണി പറഞ്ഞു. മഴക്കെടുതി നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്തമഴയാണ് പെയ്യുന്നത്. മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ അതി തീവ്രമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ മഴയില്‍ ശമനമുണ്ടാകില്ല. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്. ഈ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി ഇതുവരെ കുറഞ്ഞിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 6 പേര്‍ മരിച്ചു. മൂന്നാറടക്കം പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

Top