പുതുചരിത്രം കുറിച്ച് ദംഗല്‍ ; ചൈനയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ

ബെയ്ജിങ്:ചൈനയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന പുതുചരിത്രം കുറിച്ച് മുന്നേറുകയാണ് ആമിര്‍ഖാന്‍ ചിത്രം ദംഗല്‍.

ചൈനയിലെ ഏറ്റവും പ്രമുഖമായ ടിക്കറ്റിങ് വൈബ്‌സൈറ്റ്‌ ‘മൊയാന്‍’ ആണ് ദംഗല്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ആയിരം കോടി കടന്ന 32 ചിത്രങ്ങളുള്ള ചൈനയുടെ സിനിമാചരിത്രത്തില്‍ 33ാമത് അംഗമായാണ് ദംഗലിന്റെ വന്‍ വിജയം. മെയ് അഞ്ചിനു റിലീസായ ചിത്രം 9000 തിയറ്ററുകളിലാണ് ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗലിന്റെ വിജയം കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ സ്വീകാര്യത നേടിക്കൊടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ദംഗലിന്റെ വിജയത്തോടെ നായകന്‍ ആമിര്‍ ഖാനു ചൈനയില്‍ റെക്കോര്‍ഡ് ആരാധകരായി. ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതുവരെ. ആ നേട്ടം ഇപ്പോള്‍ ആമിറിനാണ്.

1500 കോടി കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഉയരത്തില്‍ നില്‍ക്കുകയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി2. ബോളിവുഡില്‍ അടക്കം പല റെക്കോര്‍ഡുകളും ഇപ്പോള്‍ ബാഹുബലിയുടെ പേരിലാണ്. ഇന്ത്യയ്ക്കകത്ത് മാത്രമല്ല പുറത്തും പല നേട്ടങ്ങളും സ്വന്തമാക്കി.

ഇതൊക്കെയാണെങ്കിലും ആമിര്‍ ഖാന്റെ ദംഗല്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന നേട്ടം ബാഹുബലി2 ന് മറികടക്കാന്‍ സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Top