ലണ്ടന്‍: കൈക്കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തിയ വനിതാ എം.പിയെ ഡാനിഷ് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ഭരണകക്ഷി അംഗം അബില്‍ ഗാര്‍ഡിനെയാണ് കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്താനുള്ള അനുമതി ചോദിച്ചിരുന്നില്ല എന്ന കാരണത്താല്‍ പുറത്താക്കിയത്.
അഞ്ചുമാസം പ്രായമുള്ള തന്റെ കുഞ്ഞുമായി പാര്‍ലമെന്റില്‍ എത്തിയ അബില്‍ ഗാര്‍ഡിനോട് പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്ത നിന്ന തന്റെ സഹായിയുടെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷമായിരുന്നു എംപി പാര്‍ലമെന്റില്‍ പ്രവേശിച്ചത്.
എം.പി തന്നെയാണ് തനിക്ക് ഉണ്ടായ ഈ ദുരനുഭവം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഈ പോസ്റ്റ് വന്‍ വന്‍ ചര്‍ച്ചയാവുകയും ചെയ്തു.
”കുഞ്ഞുമായി മുമ്പ് ഞാന്‍ പാര്‍ലമെന്റില്‍ വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം എനിക്കു മുമ്പില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനാണ് അവളെ പതിവായി നോക്കിയിരുന്നത്. അദ്ദേഹത്തിന് തിരക്കായതുകൊണ്ടാണ് കുഞ്ഞുമായി ഞാന്‍ പാര്‍ലമെന്റില്‍ എത്തിയത്. എന്റെ മകള്‍ കരഞ്ഞ് ബഹളം വയ്ക്കുന്ന കുട്ടിയല്ല. എന്തുകൊണ്ടാണ് കുഞ്ഞിനെ കയറ്റാത്തതെന്ന് അറിയില്ല – അബില്‍ പറഞ്ഞു.
ഡെന്‍മാര്‍ക്കിലെ നിയമം അനുസരിച്ച് വനിതാ എം. പിമാര്‍ക്ക് പൂര്‍ണശമ്പളത്തോടെയുള്ള ഒരു വര്‍ഷത്തെ പ്രസവാവധി ലഭിക്കും. എന്നാല്‍ ഈ അവധി വേണ്ടെന്ന് വച്ച് വെട്ടിച്ചുരുക്കിയാണ് അബില്‍ഗാര്‍ഡ് പാര്‍ലമെന്റില്‍ സജീവമായത്.