രജനിയുടെ ‘എൻകൗണ്ടർ’ തെലങ്കാന പൊലീസ് നടപടിയെയും സാധൂകരിക്കും ?

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ‘ദര്‍ബാര്‍’ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെയിപ്പോള്‍ ആകാംഷയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു സിനിമ കാണുന്നതിന് വേണ്ടി പൊലീസ് സേന ഇത്രയും കട്ട വെയിറ്റിംഗില്‍ നില്‍ക്കുന്നത് ഇത് ആദ്യമായിട്ടാണ്.

പ്രധാനമായും തമിഴകത്തെ പൊലീസ് സേനയാണ് ദര്‍ബാറിന്റെ വരവിനായി കാത്തിരിക്കുന്നത്. അവരെ സംബന്ധിച്ച് രജനിയുടെ പൊലീസ് വേഷം വലിയ ആവേശമായിരിക്കുകയാണിപ്പോള്‍.

തമിഴകത്തെ പൊലീസും രജനിയും തമ്മില്‍ വൈകാരികമായ ഒരു ബന്ധം കൂടിയുണ്ട്. അത് തൂത്തുക്കുടി വെടിവയ്പോടെ രാജ്യം കണ്ടതുമാണ്.

പൊലീസിനെ ഒരു ക്രിമിനല്‍ ആക്രമിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് പൊലീസ് നടപടിയെ രജനി ന്യായീകരിച്ചിരുന്നത്.

സ്റ്റര്‍ലൈറ്റിനെതിരായ സമരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞ് കയറിയതാണ് പ്രശ്നം വഷളാക്കിയതെന്നാണ് അദ്ദേഹം തുറന്നടിച്ചിരുന്നത്. പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലന്ന ആ ഉറച്ച നിലപാട് തമിഴക പൊലീസിന് വലിയ ആശ്വാസമാണ് നല്‍കിയിരുന്നത്.

തന്റെ ഇമേജ് പോലും നോക്കാതെ രജനിയെടുത്ത ഈ കര്‍ക്കശ നിലപാടാണ് തമിഴ്നാട് പൊലീസിന് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കിയിരിക്കുന്നത്. രജനി കാക്കിയണിയുന്ന ദര്‍ബാര്‍ സിനിമ കുടുംബ സമ്മേതം കാണാനുള്ള ഒരുക്കത്തിലാണിപ്പോള്‍ പൊലീസുകാര്‍.

ഒരു ഐ.പി.എസ് ഓഫീസറായാണ് ദര്‍ബാറില്‍ രജനി അഭിനയിക്കുന്നത്. ക്രിമിനലുകളെ ഓടിച്ചിട്ട് വെടിവെച്ച് കൊല്ലുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ ആദിത്യ അരുണാചലം എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. തമിഴനായ ഒരു ഐ.പി.എസുകാരന്‍ മുംബൈയില്‍ നടത്തുന്ന ക്രിമിനല്‍ വേട്ടയാണ് സിനിമയുടെ പ്രമേയം.

ദര്‍ബാറിന്റെ പുറത്തിറങ്ങിയ ട്രെയിലര്‍ കണ്ട് പ്രേക്ഷകരാകെ അമ്പരന്നിരിക്കുകയാണ്. കാരണം അത്രയ്ക്കും മാസായാണ് രജനി അഭിനയിച്ചിരിക്കുന്നത്. വില്ലത്തരമുള്ള ഈ ഐ.പി.എസുകാരന്റെ പ്രകടനം ഒന്ന് കാണുക തന്നെ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഗുണ്ടകളെ എന്‍കൗണ്ടര്‍ ചെയ്യുന്ന തമിഴകത്ത് നിന്നും അതേ പാതയില്‍ സഞ്ചരിക്കുന്ന മഹാരാഷ്ട്രയിലേക്കുള്ള ദൂരം കൂടി ദര്‍ബാര്‍ ഇനി വ്യക്തമാക്കും.

ഒരു കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിമിനലുകളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നത് മഹാരാഷ്ട്രയിലാണ്.അധോലോകങ്ങളുടെ ആസ്ഥാനമാണ് പഴയ ബോംബെ. ഇപ്പോള്‍ മുംബൈ ആയി രൂപാന്തരം പ്രാപിച്ചിട്ടുണ്ടെങ്കിലും അധോലോകത്തിന്റെ വിളനിലം തന്നെയാണ് ഇപ്പോഴും ഈ മഹാനഗരം. പഴയ പോലെ ആക്രമണങ്ങള്‍ വ്യാപകമല്ലന്ന വ്യത്യാസം മാത്രമാണ് നിലവിലുള്ളത്.

പഴയ രൂപത്തില്‍ വ്യാപകമായിട്ടല്ലങ്കിലും ഇപ്പോഴും എന്‍കൗണ്ടര്‍ ഈ സംസ്ഥാനമടക്കം പലയിടത്തും നടക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു തെലങ്കാനയില്‍ നാം അടുത്തയിടെ കണ്ടിരുന്നത്. ലേഡി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവരെയാണ് തെലങ്കാന പൊലീസ് വെടിവെച്ച് കൊന്നിരുന്നത്. അവിടെയും വില്ലനായത് ഒരു ഐ.പി.എസ് ഓഫീസറായിരുന്നു. അത് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി.സി സജ്ജനാറാണ്.

നിരവധി എന്‍കൗണ്ടര്‍ കൊലപാതകങ്ങളില്‍ ആരോപണ വിധേയനാണ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്‍. കര്‍ണ്ണാടക സ്വദേശിയായ സജ്ജനാര്‍ ആന്ധ്ര കേഡറില്‍ നിയമനം ലഭിച്ചത് മുതല്‍ ആ കാര്‍ക്കശ്യം തെലങ്ക് മണ്ണ് അനുഭവിക്കുകയാണ്.

ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാത്ത ഇത്തരം ഐ.പി.എസുകാര്‍ എന്നും സിനിമാക്കാരുടെ ഹീറോകളാണ്. ഐ.പി.എസുകാരെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റുകളുമാണ്.

ക്രിമിനലുകളോട് നിയമം കാണിക്കുന്ന ‘പരിഗണനയാണ്’ തോക്കേന്താന്‍ കാക്കിയെയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൊതുസമൂഹത്തില്‍ നിന്നും പൊലീസിന് കയ്യടിയും ലഭിക്കുന്നത്.

തെലങ്കാന വെടിവയ്പിനെ കുറിച്ച് സുപ്രീം കോടതി നേരിട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എങ്കിലും കാക്കിയെ സംബന്ധിച്ച് ആത്മവിശ്വാസത്തിന് ഒരു കുറവും ഇതുവരെ വന്നിട്ടില്ല. നിയമം അതിന്റെ കര്‍ത്തവ്യമാണ് ചെയ്തതെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇപ്പോഴും തെലങ്കാന പൊലീസ്.

ഒരു ഐ.പി.എസുകാരന്റെ പവറും, അവനെ നയിക്കുന്ന യഥാര്‍ത്ഥ വികാരവും ദര്‍ബാര്‍ സിനിമയില്‍ കാണാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നത്.

രാജ്യത്തെ ക്രമസമാധാനപാലനം മാത്രമല്ല, വി.വി.ഐ.പി സുരക്ഷയും അന്വേഷണവുമെല്ലാം ഐ.പി.എസുകാരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

22-ാം വയസ്സില്‍ ഐ.പി.എസ് ലഭിച്ച് സര്‍വ്വീസില്‍ കയറിയ സഫിന്‍ ഹസ്സനെകുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ് ദര്‍ബാര്‍ സിനിമ റിലീസിനൊരുങ്ങുന്നത്.

ഒരു സര്‍ക്കാറിന്റെ കാലാവധി 5 വര്‍ഷമാണെങ്കില്‍ ഒരു ഐ.പി.എസുകാരന്റെ സര്‍വ്വീസ് കാലാവധി 35 ഉം 38 ഉം വര്‍ഷമാണ്. ഐ.പി.എസുകാരെ അടക്കി ഭരിച്ച മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അടുത്തയിടെ തുറങ്കലിലെത്തിച്ചതും ഐ.പി.എസ് ബുദ്ധിയാണ്.

സംസ്ഥാന പൊലീസ് തലപ്പത്ത് മാത്രമല്ല വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളെയും നിയന്ത്രിക്കുന്നത് ഐ.പി.എസുകാരാണ്. സി.ബി.ഐ, എന്‍.ഐ.എ, റോ, ഐ.ബി തുടങ്ങി അര്‍ദ്ധസൈനിക തലപ്പത്തുപ്പോലും ഐ.പി.എസുകാരാണുള്ളത്.

എന്തിനേറെ നമ്മുടെ ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ പോലും ഒരു മുന്‍ ഐ.പി.എസ് ഓഫീസറാണ്.

69-ാംവയസ്സിലും 25 വയസ്സുകാരന്റെ ചുറുചുറുക്കോടെയാണ് രജനി ഐപിഎസുകാരനായി അഭിനയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ലോകത്തിനുതന്നെ അഭിമാനമായ കാര്യമാണിത്.

ബാഷക്ക് ശേഷം ദര്‍ബാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ മുരുഗദോസിന്റെ ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത്.

രാഷ്ട്രീയ പ്രവേശനം ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന രജനിക്ക് ദര്‍ബാറിന്റെ വിജയം ഏറെ അനിവാര്യവുമാണ്.

ആരാധകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുക മാത്രമല്ല ആവേശമുയര്‍ത്തി തരംഗം സൃഷ്ടിക്കുക തന്നെ ചെയ്യുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഒടുവില്‍ പൊലീസ് വേഷത്തിലെത്തിയിരുന്നത്.

ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യമാണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇന്‍ട്രൊഡക്ഷന്‍ സോംഗിലുമുണ്ടാകുക.

നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. വെറുമൊരു കുറ്റാന്വേഷണ കഥ മാത്രമല്ല, കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയാണ് ദര്‍ബാര്‍.

മലയാളി താരം നിവേദിത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താരയാണ് നായിക. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. സന്തോഷ് ശിവനാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പുതുവര്‍ഷത്തില്‍ ലോക വ്യാപകമായാണ് ദര്‍ബാര്‍ പ്രദര്‍ശനത്തിന് എത്താന്‍ പോകുന്നത്.

Staff Reporter

Top