ആലിയ ഭട്ട് നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഡാര്‍ലിംഗ്‍സ്’. മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളായ റോഷൻ മാത്യുവും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ജസ്‍മീത് കെ റീന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രം ഇപ്പോഴും ട്രെൻഡിംഗാണ്.
നെറ്റ്‍ഫ്ലിക്സിലെ ഗ്ലോബല്‍ ടോപ് ടെന്നില്‍ തുടര്‍ച്ചയായി രണ്ടാഴ്‍ച നാലാം സ്ഥാനത്തുണ്ടായിരുന്ന ‘ഡാര്‍ലിംഗ്‍സ്’ ഇപ്പോള്‍ രണ്ടാമത് എത്തിയിരിക്കുകയാണ്. 24 മില്യണ്‍ മണിക്കൂറിലധികം വാച്ചിംഗ് അവേഴ്സും ചിത്രത്തിനായി. യുകെ, ബ്രസീല്‍ തുടങ്ങിയവ ഉള്‍പ്പടെ 28 രാജ്യങ്ങളില്‍ ചിത്രം ട്രെൻഡിംഗിലാണ്. ഇന്ത്യ, സിംഗപ്പൂര്‍, ബഹറൈൻ, ഹോംഗ് കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്. വിജയ് വര്‍മയും ഷെഫാലി ഷായും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നു
ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘ഡാര്‍ലിംഗ്സ്‍’ എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു.
റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞിരുന്നു. ‘ഡാര്‍ലിംഗ്‍സ്’ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന് റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് സിഒഒ ഗൗരവ് വര്‍മയാണ് അറിയിച്ചിരിക്കുന്നത്. പ്രാദേശിക അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തി ചിത്രം റീമേക്ക് ചെയ്യാനാണ് തീരുമാനമെന്ന് ഗൗരവ് വര്‍മ പറയുന്നു.