ഒരൊറ്റ എം.എല്‍.എ മാത്രമുള്ള മഹാരാഷ്ട്രയിലും ചെങ്കൊടി നടത്തുന്നത് വലിയ മുന്നേറ്റം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ അരലക്ഷം പേരാണ് മുംബൈയില്‍ സംഘടിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ജനുവരി 24ന് രാത്രിയോടെമുംബൈയിലെത്തിയ കര്‍ഷകര്‍ ആസാദ് മൈതാനത്താണ് സംഘടിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ഇവരെ അഭിവാദ്യം ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാറിലെ നിരവധി മന്ത്രിമാരും നേതാക്കളുമാണ് കുതിച്ചെത്തിയത്. ഇതില്‍ പ്രധാന കോണ്‍ഗ്രസ്സ്, എന്‍.സി.പി, ശിവസേന നേതാക്കളും ഉള്‍പ്പെടുന്നുണ്ട്.
മറാത്ത മണ്ണിലെ സമരമുഖത്ത് സി.പി.എമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ കാഴ്ചവയ്ക്കുന്നത് വേറിട്ട പോരാട്ട വീര്യമാണ്. കാമ്പസുകളില്‍ എസ്.എഫ്.ഐ മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ കര്‍ഷകരെ രംഗത്തിറക്കിയാണ് കിസാന്‍സഭ ഇവിടെ ചരിത്രം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ആത്മവിശ്വാസം നല്‍കുന്നതും ഈ സി.പി.എം സംഘടനയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് പതിനായിരങ്ങളെ തെരുവിലിറക്കി കിസാന്‍ സഭ സംഘടിപ്പിച്ച ലോങ് മാര്‍ച്ച് രാഷ്ട്രീയ ഇന്ത്യയെ അമ്പരിപ്പിച്ച ജനമുന്നേറ്റങ്ങളില്‍ ഒന്നാണ്. ബി.ബി.സി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും ഈ പ്രക്ഷോഭത്തെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
നാസിക്കില്‍ നിന്നും മുംബൈയിലേക്ക് 180 കിലോമീറ്റര്‍ നടന്നെത്തിയ കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍, മഹാരാഷ്ട്ര സര്‍ക്കാറിന് ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കേണ്ടി വന്നതും നാടറിഞ്ഞ ചരിത്രമാണ്. ചോരയൊലിക്കുന്ന കാല്‍പാദങ്ങളുമായി മുംബൈയിലെത്തിയ കര്‍ഷകരെ സഹായിക്കാന്‍ നഗരവാസികള്‍ രംഗത്തിറങ്ങിയതും വേറിട്ടൊരു കാഴ്ച തന്നെയായിരുന്നു. ഈ ലോങ് മാര്‍ച്ച് പകര്‍ന്നു നല്‍കിയ ആവേശമാണ് കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മറ്റിയുടെ രൂപീകരണത്തിലും കലാശിച്ചിരുന്നത്.
രാജ്യത്തെ എല്ലാ പ്രമുഖ കര്‍ഷക സംഘടനകളും അംഗങ്ങളായ ഈ സംവിധാനമാണ് ഇപ്പോള്‍ ഡല്‍ഹിയിലെ കര്‍ഷക സമരത്തിനും നേതൃത്വം നല്‍കുന്നത്. സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭയാണ് ഇതിനെല്ലാം പിന്നില്‍ മുഖ്യ പങ്കുവഹിക്കുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കര്‍ഷക സമരത്തിലെ ‘ചെങ്കൊടി ഇടപെടലിനെ’ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമര്‍ശിച്ച് രംഗത്ത് വരികയുമുണ്ടായി. 150ല്‍ ഏറെ കര്‍ഷകര്‍ സമര മുഖത്ത് പിടഞ്ഞ് വീണു മരിച്ചിട്ടും പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറാതെ മുന്നാട്ട് പോകുന്ന കര്‍ഷകര്‍, പൊരുതുന്ന മനസ്സുകള്‍ക്കും വലിയ ആവേശമാണ് പകര്‍ന്നിരിക്കുന്നത്.
കൊടും തണുപ്പ് വകവയ്ക്കാതെ പ്രക്ഷോഭം നടത്തുന്നവരില്‍ കേരളത്തില്‍ നിന്നുള്ള സമര ഭടന്‍മാരും ഉള്‍പ്പെടുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിലെ കിസാന്‍ പരേഡോടെ കേന്ദ്ര സര്‍ക്കാറാണ് കൂടുതല്‍ പ്രതിരോധത്തിലാകുക. ഔദ്യോഗിക പരേഡിനെ നിഷ്പ്രഭമാക്കും വിധമാണ് കിസാന്‍ പരേഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കിസാന്‍സഭ അടക്കമുള്ള കര്‍ഷകസംഘടനകളുടെ ആഹ്വാനപ്രകാരം ആയിരക്കണക്കിന് ട്രാക്ടറുകള്‍ ഹരിയാന, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇതിനകം തന്നെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
മൂന്ന് ലക്ഷത്തിലേറെ ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കുമെന്നാണ് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. സിന്‍ഘു അതിര്‍ത്തിയില്‍നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ സൊനിപ്പത്തുവരെ ട്രാക്ടറുകള്‍ അണി നിരന്നു കഴിഞ്ഞിട്ടുണ്ട്. ജയ്പുര്‍, ചണ്ഡിഗഢ്, മീറത്ത്, ആഗ്ര, റോത്തക്ക് എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള, അഞ്ച് ദേശീയപാതകളും ഉപരോധിച്ചാണ് നിലവില്‍ കര്‍ഷകസമരം തുടരുന്നത്.
കിസാന്‍ പരേഡിനായി ഈ ദേശീയപാതകള്‍ തുറന്നുകൊടുക്കുവാന്‍, പൊലീസും നിര്‍ബന്ധിക്കപ്പെട്ടിട്ടുണ്ട്. ജയ്പുര്‍ ദേശീയപാതയില്‍ ഷാജഹാന്‍പുരില്‍ സമരത്തിലുള്ളവര്‍, ടിക്രിയിലെ സമരകേന്ദ്രത്തിലെത്തിയാണ് പരേഡില്‍ അണിനിരക്കുന്നത്. സിന്‍ഘു, ടിക്രി, ഗാസിപുര്‍, ചില്ല എന്നീ നാല് അതിര്‍ത്തിയിലൂടെയാണ് കിസാന്‍ പരേഡ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുക. ദേശീയ പതാകയേന്തിയാണ് കര്‍ഷകര്‍ ട്രാക്ടറുകളില്‍ രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്നത്.ചരിത്രത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാറും നേരിടാത്ത, പ്രതിഷേധത്തിന് മുന്നില്‍, മോദി സര്‍ക്കാര്‍ മുട്ടുമടക്കുമോ എന്നതാണ്, ലോക രാജ്യങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.