പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് പിന്തുണയുമായി വെസ്റ്റ് ഇന്‍ഡീസ് താരം ഡാരെന്‍ സാമി. കാനഡയില്‍ ടി20 ലീഗ് കളിക്കാനെത്തിയ സ്റ്റീവ് സ്മിത്തിനെ വെറുതെ വിടുവാന്‍ ആവശ്യപ്പെട്ടാണ് സാമി രംഗത്ത് വന്നിരിക്കുന്നത്.
താരം ന്യൂയോര്‍ക്ക് പബ്ബില്‍ ബിയര്‍ കുടിക്കുന്ന ഫോട്ടോ പല മാധ്യമങ്ങളില്‍ വന്നിരുന്നു. താരത്തെ വിടാതെ പിന്തുടര്‍ന്ന് വ്യക്തിപരമായ കാര്യങ്ങളിലും ഇടപെടുന്നത് മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നാണ് ഡാരെന്‍ സാമി മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. തറയില്‍ വീണ് കിടക്കുന്നൊരു വ്യക്തി വീണ്ടും ചവിട്ടുന്ന പ്രവണതയാണ് മാധ്യമങ്ങളിപ്പോള്‍ ചെയ്യുന്നത് എന്ന് പറഞ്ഞ സാമി തെറ്റ് ചെയ്യാത്തവരായി ആരുമില്ലെന്നും പറഞ്ഞു. ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്മിത്തും വാര്‍ണറും അവരുടെ തെറ്റുകള്‍ക്ക് ശിക്ഷ നേരിടുന്നുണ്ടെന്നു പറഞ്ഞ സാമി അവര്‍ക്ക് മാധ്യമ വിചാരണയുടെ ആവശ്യമില്ലെന്ന് അറിയിച്ചു.
ഇന്നാണ് കനേഡിയന്‍ ടി 20 മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വാന്‍കൂവര്‍ നൈറ്റ്‌സ് ടൊറോണ്ടോ നാഷണല്‍സ് എന്നീ ടീമുകളാണ് ആദ്യ മത്സരത്തിനായി ഇറങ്ങുക. മുന്‍ നിര അന്താരാഷ്ട്ര താരങ്ങളാണ് ഇരു ടീമുകളിലുമായി അണിനിരക്കുന്നത്.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ക്രിക്കറ്റിലേക്ക് ടൊറോണ്ടോ നാഷണല്‍സിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ടി 20 ക്ക് ഉണ്ട്.
ആറ് ടിമൂകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍, 18 പ്രാഥമിക റൗണ്ട് മത്സരങ്ങളും, മൂന്ന് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ശേഷമാണ് ഫൈനല്‍ നടക്കുക. ജൂലൈ 15നാണ് ടൂര്‍ണ്ണമെന്റ് ഫൈനല്‍. ക്രിസ് ഗെയിലാണ് വാന്‍കൂവര്‍ നൈറ്റ്‌സിനെ നയിക്കുന്നത്. വിന്‍ഡീസ് താരം ഡാരെന്‍ സാമിയാണ് ടൊറോണ്ടോയുടെ നായകന്‍. ആന്‍ഡ്രേ റസ്സല്‍, എവിന്‍ ലൂയിസ്, ടിം സൗത്തി, ചാഡ്‌വിക് വാള്‍ട്ടണ്‍, കീറണ്‍ പൊള്ളാര്‍ഡ്, കമ്രാന്‍ അക്മല്‍, കെസ്രിക് വില്യംസ് എന്നിങ്ങനെ മറ്റു പ്രമുഖ താരങ്ങളും ഇന്നത്തെ മത്സരത്തില്‍ അണി നിരക്കുന്നുണ്ട്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ പുലര്‍ച്ചെ 1.30നാണ് മത്സരം നടക്കുക.