മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങി ചോദ്യങ്ങള്‍ ഉന്നയിച്ചെന്ന പരാതി; ദര്‍ശന്‍ ഹിരാ നന്ദാനി സത്യവാങ്മൂലം സമര്‍പ്പിച്ചു

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ട് വ്യവസായി ദര്‍ശന്‍ ഹിരാ നന്ദാനി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ മൂന്ന് പേജ് സത്യവാങ്മൂലം സമര്‍പ്പിച്ചു. മഹുവ മൊയ്ത്ര അടുത്ത സുഹൃത്താണെന്നും പ്രധാനമന്ത്രിക്കെതിരെയും അദാനി ഗ്രൂപ്പിനെതിരെയും ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവയുടെ ലോക്‌സഭ ലോഗ് ഇന്‍ ഐഡി ഉപയോഗിച്ചെന്നും ഹിരാ നന്ദാനി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിന് പ്രതിഫലമായി ആഡംബര വസ്തുക്കളും യാത്ര- താമാസച്ചെലവുകളും മഹുവ ചോദിച്ചു വാങ്ങിയെന്നും വ്യവസായി ആരോപിക്കുന്നു.

എന്നാല്‍ ഈ സത്യവാങ്മൂലത്തിനെതിരെ മഹുവ മൊയ്ത്രയും രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക ലെറ്റര്‍ഹെഡിന്റെയും നോട്ടറൈസേഷന്റെയും അഭാവം മൂലം ഇതിന്റെ നിയമസാധുതയെക്കുറിച്ച് മൊയ്ത്ര സംശയം പ്രകടിപ്പിച്ചു. ദര്‍ശന്‍ ഹിരാനന്ദാനിയെപ്പോലുള്ള ഒരു പ്രമുഖ വ്യവസായി ബാഹ്യ സമ്മര്‍ദ്ദമില്ലാതെ സാധാരണ വെള്ളക്കടലാസില്‍ അത്തരം സുപ്രധാന പ്രസ്താവനയില്‍ ഒപ്പിടില്ലെന്നും മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടു.

സത്യവാങ്മൂലത്തിലെ ഉള്ളടക്കം വെറും തമാശയാണെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അര്‍ദ്ധബുദ്ധികളായ ആരെങ്കിലുമായിരിക്കും ഈ സത്യവാങ്മൂലം തയ്യാറാക്കിയത്. കാരണം അതില്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താനും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുമുള്ള ബിജെപി സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ചോര്‍ന്ന സത്യവാങ്മൂലമെന്ന് മൊയ്ത്ര പറയുന്നു.

വ്യവസായ പ്രമുഖനായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഉറപ്പ് നല്‍കിയെന്നാരോപിച്ച് ദുബെ ഞായറാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. പരാതി പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ സിബിഐക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും പരാതി ലഭിച്ചിട്ടുണ്ട്.

Top