ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ‘ഡാറ്റാലി’ ; ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷന്‍

ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ഗൂഗിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഡാറ്റാലി (datally)’ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആഗോളതലത്തില്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് പതിപ്പിന് ശേഷമുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

പുതിയ ആപ്പ് ഉപയോഗിച്ച് ഡാറ്റാ ഉപയോഗം സമയത്തിനും, ആഴ്ചയ്ക്കും, മാസത്തിനും അനുസരിച്ച് വിലയിരുത്താം. ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദേശവും ആപ്ലിക്കേഷന്‍ തരും.

ജൂണില്‍ ഗൂഗിള്‍ വലിയ പ്രചാരമൊന്നും നല്‍കാതെ രംഗത്തിറക്കിയ ‘ട്രയാങ്കിള്‍’ എന്ന ആപ്ലിക്കേഷനാണ് പുതിയ പേരില്‍ രംഗത്തിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊബൈല്‍ ഫോണിലെ ഡാറ്റ ഉപയോഗം നിയന്ത്രിക്കാന്‍ മാത്രമാണ് ട്രയാങ്കിള്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.ഡാറ്റാലി ആപ്ലിക്കേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.

ഡാറ്റാ ഉപയോഗം വിലയിരുത്താനുള്ള സൗകര്യത്തെ കൂടാതെ, അടുത്തുള്ള പൊതു വൈഫൈകളെ കുറിച്ച് അറിയിപ്പ് നല്‍കുക, വൈഫൈയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുക തുടങ്ങിയ സൗകര്യങ്ങളും ഡാറ്റാലിയില്‍ ലഭ്യമാണ്.

ബാക്ഗ്രൗണ്ട് ഡാറ്റ ബ്ലോക്ക് ചെയ്യാനും തത്സമയ ഡാറ്റാ ഉപയോഗം മനസിലാക്കാനും ആപ്ലിക്കേഷനുകളിലെ ഡാറ്റാ കണക്ഷന്‍ ബ്ലോക്ക് ചെയ്യാനും ഡാറ്റാലി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും.

Top