ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് വേദിയാവുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് ഏഴിന് പോളിംങ് അവസാനിക്കും. മാര്‍ച്ച് 10ന് അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും.
ഉത്തര്‍പ്രദേശ്: ആദ്യ ഘട്ട തെരഞ്ഞെടുപ്പ്- ഫെബ്രുവരി 10, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്- ഫെബ്രുവരി 14, മൂന്നാം ഘട്ടം- ഫെബ്രുവരി 20, നാലാം ഘട്ടം- ഫെബ്രുവരി 23, അഞ്ചാം ഘട്ടം- ഫെബ്രുവരി 27, ആറാം ഘട്ടം- മാര്‍ച്ച് 3, ഏഴാം ഘട്ടം- മാര്‍ച്ച് 7.
ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒറ്റ ഘട്ടമായി ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 27, മാര്‍ച്ച് 3. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്.
കൊവിഡ്, ഒമിക്രോണ്‍ രോഗബാധ രാജ്യത്ത് ഉയരുന്ന സാഹചര്യത്തില്‍ ആണ് രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തെരഞ്ഞെടുപ്പ് നടത്തണം എന്ന് നിലപാട് എടുത്തിരുന്നു.
ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളും, പഞ്ചാബില്‍ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളും, മണിപ്പൂരില്‍ 60 മണ്ഡലങ്ങളും, ഗോവയില്‍ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക.
മാര്‍ച്ചില്‍ അഞ്ച് സംസ്ഥാനങ്ങളിലെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. കൊവിഡ് സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുക ഏറ്റവും പ്രധാനമാണ്. കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുക.
18.34 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി വോട്ടവകാശം വിനിയോഗിക്കുക. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരോടും പ്രധാന പോളിങ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു പോളിങ് സ്‌റ്റേഷനിലെ പരമാവധി വോട്ടര്‍മാര്‍ 1250 മാത്രമായിരിക്കും.
എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഒരു ബൂത്തെങ്കിലുമുണ്ടാകുമെന്നുറപ്പാക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഇത് പരമാവധി പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പോളിംഗ് സ്‌റ്റേഷനുകളും താഴത്തെ നിലയില്‍ത്തന്നെയാകും എന്നുറപ്പാക്കും.