Datsun again In Lebanon

ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായി തിരിച്ചെത്തിയ ഡാറ്റ്‌സന്‍ കൂടുതല്‍ വിപണികളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മധ്യ പൂര്‍വ രാജ്യങ്ങളിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി ലബനനില്‍ ഡാറ്റ്‌സന്‍ വില്‍പ്പനയ്ക്കു തുടക്കമായി.

അര നൂറ്റാണ്ടോളം മുമ്പ് 1967ല്‍ ‘ബ്ലൂ ബേഡു’മായിട്ടായിരുന്നു ഡാറ്റ്‌സന്‍ ആദ്യമായി ലബനനിലെത്തുന്നത്. രണ്ടാം വരവിലാവട്ടെ ഇന്ത്യന്‍ വിപണിയിലുള്ള ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും രൂപാന്തരങ്ങളായ ‘ഓണ്‍ ഡു’, ‘മൈ ഡു’വുമാണു ഡാറ്റ്‌സനായി പട നയിക്കുക.

സ്വന്തം അഭിരുചികളോടു കിട പിടിക്കുന്ന ആധുനിക കാര്‍ ആഗ്രഹിക്കുന്ന പുതുതലമുറ ലബനനില്‍ ഉണ്ടെന്നു കമ്പനിയുടെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖല ചെയര്‍മാന്‍ ക്രിസ്ത്യന്‍ മാര്‍ഡ്രസ് അഭിപ്രായപ്പെട്ടു.

ലബനനിലെ സഞ്ചാര സ്വാതന്ത്യ്രത്തിന്റെ ഭാവി തിരുത്തിയെഴുതാനാണു ഡാറ്റ്‌സന്റെ മടങ്ങിവരവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വ്യത്യസ്ത അഭിരുചിയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണു ലബനനില്‍ മത്സരക്ഷമമായ വിലയോടെ ഡാറ്റ്‌സന്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘ഓണ്‍ ഡു’വിലൂടെ കുടുംബങ്ങളെ നോട്ടമിടുന്ന ഡാറ്റ്‌സന്‍ ഉല്ലാസപ്രിയരായ യുവതലമുറയ്ക്കു വേണ്ടിയാണു ‘മൈ ഡു’ അവതരിപ്പിച്ചിരിക്കുന്നത്. അര നൂറ്റാണ്ടായി നിസ്സാന്റെയും ഡാറ്റ്‌സന്റെയും ലബനനിലെ വിതരണക്കാരായ ആര്‍ വൈ എം സി ഒ തന്നെയാണ് ‘ഓണ്‍ ഡു’വും ‘മൈ ഡു’വും വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

ലബനനിലേക്കുള്ള ഡാറ്റ്‌സന്റെ തിരിച്ചുവരവിനെ ചരിത്രമുഹൂര്‍ത്തമെന്നാണ് ആര്‍ വൈ എം സി ഒ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഫയസ് റസംനി വിശേഷിപ്പിച്ചത്.

നാളെയുടെ ലബനനെ യാഥാര്‍ഥ്യമാക്കുന്നവരെയാണു പുതുശ്രേണിയിലൂടെ ഡാറ്റ്‌സന്‍ ലക്ഷ്യമിടുന്നത്. ആധുനിക രൂപകല്‍പ്പനയുടെയും ദൃഢതയുള്ള എന്‍ജിനീയറിങ്ങിന്റെയും പിന്‍ബലമുള്ള ഈ മോഡലുകള്‍ ആദ്യമായി കാര്‍ വാങ്ങുന്നവരെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്വപ്നം, ലഭ്യത, വിശ്വസനീയത തുടങ്ങി ഡാറ്റ്‌സന്‍ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളാണ് ‘ഓണ്‍ ഡു’, ‘മൈ ഡു’ മോഡലുകളില്‍ പ്രതിഫലിക്കുന്നതെന്ന് ഡാറ്റ്‌സന്റെ ആഗോള മേധാവി വിന്‍സന്റ് കോബി അഭിപ്രായപ്പെട്ടു.

ലബനനിലേക്കുള്ള മടക്കം ഡാറ്റ്‌സന്‍ ചരിത്രത്തിലെ സുപ്രധാന അധ്യായമാണെന്നും ഇത്തരം കൂടുതല്‍ അധ്യായങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Top