രെങ്കോജി ക്ഷേത്രത്തിലെ നേതാജിയുടെ ഭൗതികാവശിഷ്ടം ഇന്ത്യയിലെത്തിക്കണമെന്ന് മകൾ അനിത ബോസ്

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാൻ തലസ്ഥാനമായ ടോക്യോയിലെ ക്ഷേ​ത്രത്തിലുണ്ടെന്നും അത് ഇന്ത്യയിലെത്തിക്കണമെന്നും അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ്.
79കാരിയായ അനിത ബോസ് ജർമനിയിലാണ് താമസിക്കുന്നത്. ജപ്പാനിലെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടം നേതാജിയുടെതാണെന്ന് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിനു തയാറാണെന്നും അവർ പറഞ്ഞു. മൃതദേഹം ദഹിപ്പിച്ചതിന്റെ ചാരമാണ് ക്ഷേത്രത്തിലുള്ളത്. ചാരത്തിൽ നിന്ന് ഡി.എൻ.എ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്താനുള്ള അത്യാധുനിക സാ​ങ്കേതിക വിദ്യ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 1945 ആഗസ്റ്റ് 18ന് നേതാജി മരിച്ചിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് അത് ശാസ്ത്രീയമായ തെളിവായിരിക്കും.

രെങ്കോജി ക്ഷേത്രത്തിലെ പൂജാരിയും ജപ്പാൻ സർക്കാരും ചാരം ഡി.എൻ.എ ടെസ്റ്റ് നടത്താൻ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ജന്മനാട്ടിലേക്ക് കൊണ്ടുവരാനുള്ള തയാറെടുപ്പുകളാണ് വേണ്ടത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ കവിഞ്ഞ മറ്റൊന്നും നേതാജിക്ക് പ്രധാനമായിരുന്നില്ല. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതായിരുന്നു അദ്ദേഹം കണ്ട ഏക സ്വപ്നം. എന്നാൽ ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കാൻ അദ്ദേഹത്തിന്റെ ആത്മാവിന് കഴിഞ്ഞിട്ടില്ല. അതിനായി ഭൗതികാവശിഷ്ടമെങ്കിലും പിറന്ന മണ്ണിൽ എത്തിക്കേണ്ടതുണ്ട് -അനിത ബോസ് പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷനൽ ആർമി സ്ഥാപിച്ച നേതാജിയുടെ ഭൗതികാവശിഷ്ടം ഇന്ത്യൻ ചരിത്രത്തിലെ വലിയ ദുരൂഹതകളിലൊന്നായി അവശേഷിക്കുകയാണ്. അനിത ബോസ് അദ്ദേഹത്തിന്റെ ഏക മകളാണ്. വർഷങ്ങളായി നേതാജി വിമാനാപകടത്തിൽ മരിച്ചതാണെന്നും അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ച ചാരം രെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവർ വാദിക്കുകയാണ്. വിമാനാപകടത്തിൽ മരിച്ചു എന്നാണ് സുഭാഷ് ചന്ദ്രബോസിന്റെ ഭൂരിഭാഗം കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്.

”75 വർഷങ്ങൾക്ക് ശേഷം, കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകൾ വലിച്ചെറിയാൻ ഇന്ത്യക്ക് കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രമുഖനായ നായകന്മാരിൽ ഒരാളായ സുഭാഷ് ചന്ദ്രബോസ് “ഇതുവരെ മാതൃരാജ്യത്തേക്ക് മടങ്ങിയിട്ടില്ല” എന്നും അനിത ബോസ് സൂചിപ്പിച്ചു. പിതാവിന്റെ സ്മരണക്കായി ഇന്ത്യയിൽ നിരവധി സ്മാരകങ്ങൾ പണിതിട്ടുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രധാനപ്പെട്ട ഗംഭീരമായ മറ്റൊരു സ്മാരകം അനാഛാദനം ചെയ്യാനിരിക്കയാണ്. നേതാജിയോടുള്ള അവരുടെ സ്നേഹം പ്രചോദനം നൽകുന്നതാണ്. ചിലർ ഇപ്പോഴും നേതാജി അന്നത്തെ വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്നും വിശ്വസിക്കുന്നു. എന്നാൽ വിദേശ രാജ്യത്തുണ്ടായ അപകടത്തിൽ നേതാജി മരിച്ചതായി രേഖകളുണ്ട്. അദ്ദേഹം ഭൗതികാവശിഷ്ടം ജപ്പാനിൽ ക്ഷേത്രത്തിൽ തൽകാലത്തേക്ക് സൂക്ഷിച്ചിരിക്കയാണ്.”-അവർ കൂട്ടിച്ചേർത്തു.

 

Top