ഭോപാല്‍: മധ്യപ്രദേശില്‍ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും മരുമകളും അറസ്റ്റില്‍. റേവാ സ്വദേശിയായ സരോജ്(50) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് വാല്‍മികി കോള്‍(51) മരുമകള്‍ കാഞ്ചന്‍ കോള്‍(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. വാല്‍മികി നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച് മരുമകളാണ് സരോജിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍തൃപിതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത യുവതി ജൂലായ് 12-നാണ് കൊലപാതകം നടത്തിയത്. സംഭവദിവസം വാല്‍മികി സാത്‌നയിലെ ബന്ധുവീട്ടിലേക്കും കാഞ്ചന്റെ ഭര്‍ത്താവ് മീററ്റിലേക്കും പോയിരുന്നു.
ജൂലായ് 12-ാം തീയതിയാണ് സരോജിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഫ്രൈപാന്‍ കൊണ്ടാണ് യുവതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഫ്രൈപാന്‍ കൊണ്ട് അടിച്ചതോടെ സരോജ് ബോധരഹിതയായി നിലത്തുവീണു. തുടര്‍ന്ന് ഭര്‍തൃപിതാവ് നേരത്തെ നല്‍കിയ അരിവാള്‍ കൊണ്ട് മരുമകള്‍ സരോജിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മരുമകളാണ് കൃത്യം നടത്തിയതെന്നും ഇതിന് ക്വട്ടേഷന്‍ നല്‍കിയത് കൊല്ലപ്പെട്ടയാളുടെ ഭര്‍ത്താവാണെന്നും തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റംസമ്മതിച്ചതോടെ രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന താന്‍ ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് വാല്‍മികി പോലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട സരോജും മരുമകളായ കാഞ്ചനും തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നില്ല. ഇത് മുതലെടുത്താണ് സരോജിനെ കൊല്ലാനായി മരുമകള്‍ക്ക് തന്നെ ക്വട്ടേഷന്‍ നല്‍കിയത്. ഭാര്യയെ കൊല്ലാന്‍ നാലായിരം രൂപയാണ് വാല്‍മികി മരുമകള്‍ക്ക് നല്‍കിയത്. ഇതിനുപുറമേ എല്ലാമാസവും നിശ്ചിത തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തു.