‘ബെര്‍ബറ്റോവ് ഇന്ത്യയില്‍ വന്നതെന്തിനെന്ന് അറിയാം’ തിരിച്ചടിച്ച് ഡേവിഡ് ജയിംസ്‌

DAVID JAMES

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വിമര്‍ശനങ്ങളുന്നയിച്ച് പുറത്തുപോയ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനെതിരെ ആഞ്ഞടിച്ച് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ബെര്‍ബറ്റോവ് ഇന്ത്യയില്‍ വന്നതെന്തിനാണെന്ന്‌ തനിക്കറിയാമെന്നും അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നുമായിരുന്നു ഡേവിഡ് ജയിംസിന്റെ പ്രതികരണം. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജയിംസിന്റെ വെളിപ്പെടുത്തല്‍.

ബെര്‍ബറ്റോവിന്റെ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്നില്ല. അദ്ദേഹത്തെ ടീമിലെടുത്തത് താനല്ല. ഇന്ത്യ ഒരിക്കലും യൂറോപ്പല്ല. ഇവിടുത്തെ ആളുകളുടെ ഫുട്‌ബോളിനോടുള്ള സ്‌നേഹം മനസ്സിലാക്കി അതിനനുസരിച്ച്‌ നില്‍ക്കാനാണ് കളിക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും ജയിംസ് പറഞ്ഞു.

ജനുവരിയില്‍ ആരംഭിച്ച ട്രാന്‍സ്ഫര്‍ വിപണിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇനിയങ്ങോട്ട് വിദേശതാരങ്ങളുടെ റിക്രൂട്ട്‌മെന്റില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അവധിക്കാലം ആഘോഷിക്കാനായി ഇന്ത്യയിലേക്ക് വരുന്ന താരങ്ങളെ ടീമിന് വേണ്ട. ഇന്ത്യയിലേക്ക് വരാന്‍ പൂര്‍ണമനസ്സുള്ള താരങ്ങളെ മാത്രമെ ഇനി പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ബെര്‍ബറ്റോവിനൊപ്പം ആരാധകര്‍ ഏറെ ആഘോഷിച്ച മറ്റൊരു താരമാണ് വെസ് ബ്രൗണ്‍. പരിക്ക് മൂലം സീസണിനിടയില്‍ അദ്ദേഹം മടങ്ങുകയായിരുന്നു. വളരെ പ്രഫണലായ താരമെന്നാണ് വെസ് ബ്രൗണിനെക്കുറിച്ച് ജയിംസ് പറഞ്ഞത്. ഇന്ത്യന്‍ സാഹചര്യങ്ങളോട് പൂര്‍ണമായും പൊരുത്തപ്പെട്ട താരമാണ് ബ്രൗണ്‍.

പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമാണ് ബെര്‍ബറ്റോവ് ടീം വിട്ടത്. താന്‍ കണ്ടതില്‍ ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജയിംസ് എന്നായിരുന്നു ബെര്‍ബറ്റോവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Top