ഏകദിന ക്രിക്കറ്റിലും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: പുതുവര്‍ഷത്തില്‍ തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഡേവിഡ് വാര്‍ണര്‍ അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാര്‍ണര്‍ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്ന് ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാര്‍ണര്‍ സൂചന നല്‍കിയിരുന്നു.

45.30 ശരാശരിയില്‍ 22 സെഞ്ച്വറികളോടെ 6932 റണ്‍സാണ് ഏകദിനത്തില്‍ വാര്‍ണറുടെ സമ്പാദ്യം. ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ കളിക്കാരനാണ് വാര്‍ണര്‍. സെഞ്ചുറികളുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിന് പിന്നില്‍ രണ്ടാമതാണ് വാര്‍ണര്‍. വാര്‍ണറിനേക്കാള്‍ 205 ഏകദിന ഇന്നിംഗ്സുകള്‍ കൂടുതല്‍ കളിച്ച റിക്കി പോണ്ടിങ്ങ് 30 സെഞ്ച്വറികള്‍ നേടിയിരുന്നു. ഈ വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും, അമേരിക്കിയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ വാര്‍ണര്‍ കളിച്ചേക്കുമെന്നും സൂചനയുണ്ട്. ഒരു ടി20 മത്സരം കൂടി ഓസ്‌ട്രേലിയയ്ക്കായി കളിച്ചാല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും വാര്‍ണറെ തേടിയെത്തും.

2023ല്‍ ഓസ്‌ട്രേലിയയെ ലോകചാമ്പ്യന്മാരാക്കുന്നതില്‍ വാര്‍ണര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഫോമിന്റെ വഴിയിലേയ്ക്ക് മടങ്ങിയെത്തിയ വാര്‍ണറാണ് 2023ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി എറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. 11 കളികളില്‍ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധസെഞ്ച്വറികളും അടക്കം 535 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ലോകകപ്പിന്റെ രണ്ട് എഡിഷനുകളില്‍ 500 റണ്‍സ് നേടുന്ന താരമെന്ന ഖ്യാതിയും വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു. 2019ലെ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്ന് വാര്‍ണര്‍ 647 റണ്‍സ് നേടിയിരുന്നു.

Top