വാര്‍ണർക്ക് ഗംഭീര യാത്രയയപ്പ് : ആരാധകർ ഗ്രൗണ്ടിലിറങ്ങി അഭിവാദ്യം ചെയ്തു, ജേഴ്സി കൈമാറി പാകിസ്താന്‍

സിഡ്‌നി: സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന് പറയാറുണ്ട്. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സ്വരം അതീവ സുന്ദരമായിരിക്കെത്തന്നെ പാട്ടുനിര്‍ത്തി. ടെസ്റ്റിലോ ഏകദിനത്തിലോ വാര്‍ണറിന്റെ ബാറ്റില്‍നിന്ന് ഇനി പാട്ടോ കവിതയോ വിരിയില്ല. ഏകദിനത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടെസ്റ്റ് ഇന്നിങ്സും വാര്‍ണര്‍ അവസാനിപ്പിച്ചു. അതും വാര്‍ണറിന്റെ ഇഷ്ടം പോലെത്തന്നെ ഹോം ഗ്രൗണ്ടായ സിഡ്നിയില്‍വെച്ച്.

അവസാന കളിയിലും പരമ്പരയിലും മിന്നുന്ന പ്രകടനം നടത്തിയാണ് വാര്‍ണര്‍ വിടവാങ്ങുന്നത്. തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ പാകിസ്താനെതിരേ അര്‍ധസെഞ്ചുറി കുറിച്ചാണ് കളി മതിയാക്കിയത്. സ്വന്തം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ കാണികളെയും കുടുംബാംഗങ്ങളെയും സാക്ഷിയാക്കിയായിരുന്നു 37-കാരന്റെ മടക്കം.

പാകിസ്താനെതിരേ ടെസ്റ്റ് പരമ്പര 3-0ന് ജയിച്ചതിന്റെയും ലോകകപ്പ് നേടിയതിന്റെയും ആഷസില്‍ സമനില പിടിച്ചതിന്റെയുമെല്ലാം സന്തോഷം വാര്‍ണര്‍ പങ്കുവെച്ചു. ഓസ്ട്രേലിയക്കായി 112 ടെസ്റ്റുകളാണ് വാര്‍ണര്‍ കളിച്ചത്. 44.60 ശരാശരിയില്‍ 8786 റണ്‍സ് നേടി. 26 സെഞ്ചുറികളും 37 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെട്ട ഇന്നിങ്സുകളായിരുന്നു അത്.

മുഖത്ത് എപ്പോഴും ചിരിയോടെയല്ലാതെ വാര്‍ണറെ നമുക്ക് കാണാനാവില്ല. ക്രിക്കറ്റ് കരിയറില്‍ തന്റെ കൂടെനിന്ന ഭാര്യ കാന്‍ഡിസിനും മാതാപിതാക്കള്‍ക്കും സഹോദരനും വാര്‍ണര്‍ നന്ദിപറഞ്ഞു.

കളിക്കുശേഷം സിഡ്നിയിലെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് ഗ്രൗണ്ടിലിറങ്ങാനും വാര്‍ണറെ അടുത്തുനിന്ന് കാണാനും അവസരം നല്‍കി. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

നേരത്തേ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 11 റണ്‍സ് ബാക്കിനില്‍ക്കേ സാജിദ് ഖാന്റെ പന്തില്‍ വാര്‍ണര്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങുകയായിരുന്നു. പവലിയനിലേക്ക് മടങ്ങുമ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ഓസ്ട്രേലിയന്‍ ആരാധകര്‍ അദ്ദേഹത്തെ എതിരേറ്റത്. മത്സരത്തിനുശേഷം പാകിസ്താന്‍ താരം ശാഹ് മസൂദ്, എല്ലാ പാകിസ്താന്‍ താരങ്ങളും ഒപ്പിട്ട ഒരു ജേഴ്സി സമ്മാനിച്ചു.

Top