സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസതാരം ഡേവിഡ് വാര്‍ണര്‍. ബുധനാഴ്ച സിഡ്നിയില്‍ ആരംഭിക്കാനിരിക്കുന്ന പാകിസ്താനെതിരായ മൂന്നാം ടെസ്റ്റാണ് 37കാരനായ താരത്തിന്റെ അവസാന മത്സരം. ഇതിനിടെ വിഷമകരമായ വാര്‍ത്തയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വാര്‍ണര്‍.
പുതുവര്‍ഷത്തില്‍ തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഡേവിഡ് വാര്‍ണര്‍ അപ്രതീക്ഷിതമായാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാര്‍ണര്‍ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാര്‍ണര്‍ സൂചന നല്‍കിയിരുന്നു. ഇനി ടി20യിലും ഐപിഎല്ലിലും മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക.
‘എന്റെ അവസാന ആശ്രയമാണിത്. ഈ ബാക്ക് പാക്കില്‍ എനിക്ക് ഏറെ വിലപ്പെട്ട എന്റെ ബാഗി ഗ്രീന്‍ തൊപ്പിയുണ്ടായിരുന്നു. വിരമിക്കല്‍ മത്സരത്തിനൊരുങ്ങുന്ന എനിക്ക് ആ തൊപ്പി തിരിച്ചുകിട്ടണമെന്ന് ആഗ്രഹമുണ്ട്. എന്റെ ബാഗാണ് നിങ്ങള്‍ക്ക് വേണമെങ്കില്‍ അതു തരാന്‍ ഞാന്‍ തയ്യാറാണ്. പകരം എന്റെ തൊപ്പി എനിക്ക് തിരിച്ചുതരണം. എന്നെയോ ക്രിക്കറ്റ് ഓസ്ട്രേലിയയെയോ ബന്ധപ്പെടാം. തൊപ്പി തിരിച്ചേല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല’, വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വികാരാധീനനായി പറഞ്ഞു.തനിക്ക് ഏറെ പ്രിയപ്പെട്ട ടെസ്റ്റ് ക്യാപ് മോഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വാര്‍ണര്‍ പറയുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. സിഡ്നിയിലേക്കുള്ള യാത്രക്കിടെയാണ് തന്റെ ബാക്ക് പാക്കില്‍ വെച്ചിരുന്ന ബാഗി ഗ്രീന്‍ നഷ്ടമായത്. അത് ആരെടുത്താലും തനിക്ക് തിരിച്ചുതരണമെന്നും താരം അഭ്യര്‍ത്ഥിച്ചു.