കാനഡ ടി 20 ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തി

David-Warner

കാനഡയില്‍ നടന്ന ടി 20 ടൂര്‍ണമെന്റില്‍ പങ്കെടുത്ത മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ തന്റെ ഹോം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തി. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ വാര്‍ണറുടെ വിലക്ക് അടുത്ത വര്‍ഷമാണ് അവസാനിക്കുക.

ഈ വര്‍ഷം മാര്‍ച്ചില്‍ സൗത്ത് ആഫ്രിക്കയുമായുളള കളിക്കിടെയാണ് പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ അടക്കം മൂന്നു പേര്‍ സസ്‌പെന്‍ഷനിലാവുന്നത്. എന്നാല്‍ ഓഫ് ഷോര്‍ കളിക്കുന്നതില്‍ നിന്നും വാര്‍ണറെ വിലക്കിയിരുന്നില്ല. തുടര്‍ന്ന് താരം കാനഡ ടി 20 യില്‍ കളിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ സ്‌ട്രൈക്ക് ലീഗിനു വേണ്ടി കളിച്ച വാര്‍ണര്‍ 32 ബോളില്‍ നിന്നും 36 റണ്‍സാണ് സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിലെ ജൂനിയര്‍ ബാറ്റ്‌സ്മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് പന്ത് സാന്റ് പേപ്പറില്‍ ഉരയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഡേവിഡ് വാര്‍ണര്‍ ആണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിവാദവുമായി ബന്ധപ്പെട്ട് കാമറൂണ്‍ ബാന്‍കോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തേക്ക് സ്മിത്തിനോ വാര്‍ണറിനോ ഒരു ടീമിന്റേയും നായക സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലപാട് എടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐപിഎല്ലിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Top