ഡേവിഡ് വാര്‍ണറുടെ ബാഗി ഗ്രീന്‍ ക്യാപ് തിരിച്ചുകിട്ടി; നന്ദി പറഞ്ഞ് താരം

സിഡ്നി: സിഡ്നി ടെസ്റ്റിന് മുമ്പ് കാണാതായ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ ബാഗി ഗ്രീന്‍ ക്യാപ് തിരിച്ചുകിട്ടി. കരിയറിലെ അവസാന ടെസ്റ്റിന് ഇറങ്ങും മുന്‍പാണ് താരത്തിന്റെ ടെസ്റ്റ് ക്യാപ് നഷ്ടപ്പെടുന്നത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസമാണ് തൊപ്പി തിരികെ കിട്ടിയ വിവരം വാര്‍ണര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്.

അപ്രതീക്ഷിതമായാണ് ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാര്‍ണര്‍ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാര്‍ണര്‍ സൂചന നല്‍കിയിരുന്നു. ഇനി ടി20യിലും ഐപിഎല്ലിലും മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക.സിഡ്‌നിയില്‍ പാകിസ്താനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം വാര്‍ണര്‍ പുറത്തായിരുന്നു. 68 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 34 റണ്‍സ് മാത്രമായിരുന്നു വിരമിക്കല്‍ ടെസ്റ്റിലെ താരത്തിന്റെ സമ്പാദ്യം. 25-ാം ഓവറിലെ നാലാം പന്തിലാണ് സിഡ്‌നിയെ നിശബ്ദമാക്കി വാര്‍ണര്‍ വീണത്. ഉസ്മാന്‍ ഖവാജയുമായി മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാന്‍ ശ്രമിക്കവേ സല്‍മാന്‍ അലി ആഗ മുന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കൈകളിലെത്തിച്ച് വാര്‍ണറെ പുറത്താക്കുകയായിരുന്നു.

‘അതിയായ സന്തോഷത്തോടെയും ആശ്വാസത്തോടെയും എന്റെ ബാഗി ഗ്രീന്‍ ക്യാപ് കണ്ടെത്തിയെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. വലിയൊരു വാര്‍ത്താണിത്. ഇതില്‍ പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. ക്വാണ്ടാസ് ,ഞങ്ങളുടെ ഹോട്ടലുകള്‍, ടീം മാനേജ്മെന്റ് എല്ലാവരോടും അങ്ങേയറ്റം നന്ദി അറിയിക്കുന്നു’, വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.തന്റെ വിരമിക്കല്‍ മത്സരമായ പാകിസ്താനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് വാര്‍ണറുടെ ക്യാപ് മോഷണം പോയത്. തനിക്ക് ഏറെ പ്രിയപ്പെട്ട ബാഗി ഗ്രീന്‍ നഷ്ടപ്പെട്ടെന്ന വിവരം വാര്‍ണര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തനിക്ക് ആ ക്യാപ് വിലമതിക്കാനാവാത്തതാണെന്നും എടുത്തത് ആരായാലും തിരികെ തരണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു വീഡിയോ. സംഭവത്തില്‍ രാജ്യവ്യാപകമായ തിരച്ചില്‍ നടത്തണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാന്‍ മസൂദും രംഗത്തെത്തിയിരുന്നു.

Top