ലഖ്നൗ: അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി. 2023 ഏകദിന ലോകകപ്പ് അവസാനിക്കുന്നതോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് 33കാരനായ താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വില്ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
‘ഈ യാത്രയില്‍ നല്ല ഓര്‍മ്മകളും നല്ല സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. മോശം സമയങ്ങളില്‍ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ടായിരുന്നു. അവരുടെ പിന്തുണയും സ്നേഹവും ഇല്ലെങ്കില്‍ എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എനിക്ക് കഴിയില്ലായിരുന്നു. എന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുമ്പോള്‍ മൈതാനത്തും പുറത്തും ഇനിയും ഒരുപാട് കാര്യങ്ങള്‍ നല്‍കാനുണ്ടെന്ന് എനിക്ക് തോന്നുന്നു. ലോകകപ്പിലെ എന്റെ ടീമിന്റെ പ്രകടനവുമായി ഈ തീരുമാനത്തിന് യാതൊരു ബന്ധവുമില്ല. ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങളിലും ടീമിന് വേണ്ടി ഞാന്‍ എന്റെ 100 ശതമാനവും സമര്‍പ്പിക്കും. അതാണ് എനിക്കറിയാവുന്ന ഒരേയൊരു കാര്യം’, വില്ലി ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.
ഈ ദിവസം വരണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചെറുപ്പം മുതലേ ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്നാലിപ്പോള്‍ വിരമിക്കാനുള്ള സമയമായിരിക്കുകയാണ്. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കും. ഏറ്റവും അഭിമാനത്തോടെയാണ് ഞാന്‍ ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞത്. എന്റെ നെഞ്ചിലുള്ള ബാഡ്ജിന് വേണ്ടി എനിക്കുള്ളതെല്ലാം നല്‍കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള അവിശ്വസനീയമായ വൈറ്റ്ബോള്‍ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്, വില്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.