ജനുവരി 22 മുതല്‍ 25 വരെയാണ് ഈ വര്‍ഷത്തെ ലോക സാമ്പത്തിക ഫോറം. മെക്‌സിക്കന്‍ മതിലിനെച്ചൊല്ലിയുണ്ടായ അനിശ്ചിതത്വത്തില്‍ ഇത്തവണ സമ്മേളനം നടക്കുന്ന ഡാവോസിലേയ്ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ബിസിനസ്, കലാ, സാസ്‌ക്കാരികം, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുമായി നിരവധി പ്രമുഖര്‍ ഇത്തവണയും എത്തും എന്നതില്‍ സംശയമില്ല.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്രാവ്ബുണ്‍ഡെന്‍ പ്രവിശ്യയുടെ തെക്ക് കിഴക്കന്‍ മൗണ്ടന്‍ റിസോര്‍ട്ട് മേഖലയിലെ ഡാവോസാണ് ലോക സാമ്പത്തിക സമ്മേളന നഗരി. മഞ്ഞുമൂടിയ ഇവിടം സുരക്ഷാ ക്രമീകരണങ്ങള്‍ എളുപ്പമാക്കുന്ന തരത്തിലുള്ള ഭൂപ്രദേശമാണ്.
സ്വിസ്സ് സാമൂഹ്യ സംരംഭകനായ ക്ലോസ് ഷ്വാബ് 1971 ല്‍ ജനീവയിലാണ് വേള്‍ഡ് എക്കണോമിക് ഫോറത്തിന് തുടക്കം കുറിയ്ക്കുന്നത്. ആഗോള വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും വേണ്ടി ഭരണ, വ്യവസായ നേതാക്കള്‍ക്കുള്ള പൊതുവേദിയാണിത്.
രാഷ്ട്രത്തലവന്മാര്‍ക്കും, വ്യവസായ പ്രമുഖര്‍ക്കും തങ്ങളെ സ്വയം അവതരിപ്പിക്കാനും, ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാനും, ഡീലുകള്‍ ഉറപ്പിക്കാനും അവസരമൊരുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം എന്നു ചുരുക്കം. ലോകത്തുള്ള എല്ലാ വന്‍കിട ബ്രാന്‍ഡുകളുടെയും, കമ്പനികളുടെയും മേധാവികളും, സര്‍ക്കാര്‍ പ്രതിനിധികളും ചേരുന്ന ഇടമാണ് ലോക സാമ്പത്തിക ഫോറം.
2016 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 228 മില്യണ്‍ സ്വിസ്സ് ഫ്രാങ്കാണ് ഡബ്‌ള്യു ഇ എഫിന്റെ വാര്‍ഷിക വരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ഇക്കണോമി, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, ഐടി, പരിസ്ഥിതി, ഊര്‍ജം തുടങ്ങിയ മേഖലകളിലെ വികസനത്തിനായി ഈ തുക ചെലവിടുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ പ്രധാന വരുമാനം അതിന്റെ പാര്‍ട്ടണര്‍ കമ്പനികളില്‍ നിന്നുള്ള വാര്‍ഷിക മെമ്പര്‍ഷിപ്പില്‍ നിന്നാണ്. എന്‍ട്രി ലെവല്‍ മുതല്‍ പ്രീമിയം ക്‌ളാസ് വരെ വിവിധ തലങ്ങളിലാണ് അംഗത്വം. മെമ്പര്‍ഷിപ്പ് ക്ലാസ് അനുസരിച്ചാണ് ഫോറത്തിലെ വിവിധ സെഷനുകളിലേക്കും, ചടങ്ങുകളിലേക്കുമുള്ള പ്രവേശനാനുമതി.
അടിസ്ഥാന വാര്‍ഷിക മെമ്പര്‍ഷിപ്പിന് മുടക്കേണ്ടത് 68,000 സ്വിസ്സ് ഫ്രാങ്കാണ്. എന്നാല്‍ ഇതുകൊണ്ട് ഒരാള്‍ക്കുള്ള ഡെലിഗേറ്റ് പാസ്സ് കിട്ടുമെങ്കിലും, സെഷനുകളിലേക്കുള്ള പ്രവേശനത്തിന് ഇത് പോരാ.
ഏറ്റവും മുകളിലുള്ള 100 പാര്‍ട്ടണര്‍ കമ്പനികള്‍ വാര്‍ഷിക മെമ്പര്‍ഷിപ്പ് ഫീസായി നല്‍കുന്നത് ആറ് ലക്ഷം ഫ്രാങ്കാണ്. ഇവര്‍ക്ക് ഇതുകൊണ്ട് അഞ്ചു പേര്‍ക്കുള്ള പാസ്സും മുന്‍ നിരയില്‍ സ്ഥാനവും കിട്ടും. എന്നാല്‍ നാലു ദിവസങ്ങളിലായി നടക്കുന്ന എല്ലാ മീറ്റിങ്ങുകളിലും, ചടങ്ങുകളിലും സംബന്ധിക്കണമെന്നുണ്ടെങ്കില്‍ 18,000 ഫ്രാങ്ക് മുടക്കി ഇവര്‍ക്കും വേറെ ടിക്കറ്റ് എടുക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങി എഴുപതോളം രാഷ്ട്രത്തലവന്മാര്‍, ലോക ബാങ്ക്, രാജ്യാന്തര നാണ്യനിധി, രാജ്യാന്തര വ്യാപാര സംഘടന എന്നിവയുടെ മേധാവികള്‍ ഉള്‍പ്പെടെ ബിസിനസ്, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിന്നായി 2500 ല്‍ അധികം ഔദ്യോഗിക പ്രതിനിധികളാണ് നാലു ദിവസത്തെ സാമ്പത്തിക ഫോറത്തില്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്.
ലോകത്ത് നില നില്‍ക്കുന്ന സാമ്പത്തിക, സ്ത്രീ-പുരുഷ അസമത്വത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ സമ്മേളനം അവസാനിച്ചത്. കാലാവസ്ഥ വ്യതിയാനം, വിവിധ മേഖലകളിലുള്ള അസമത്വം എന്നിവ ഭാവിയില്‍ ലോകത്ത് സംഘര്‍ഷ സാധ്യതയ്ക്കു കാരണമായേക്കാമെന്നും ഫോറം വിലയിരുത്തിയിരുന്നു.
രണ്ട് പതിറ്റാണ്ടിനുശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉച്ചകോടിയില്‍ പ്‌ളീനറി സമ്മേളനം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ വര്‍ഷമായിരുന്നു.
രാജ്യങ്ങളിലെ സംരക്ഷണാ വാദത്തിനെതിരെ സംസാരിച്ച പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരും ഉച്ചകോടിയില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ നിലപാടുകള്‍ക്ക് വളരെയധികം ശ്രദ്ധ കിട്ടിയ സമ്മേളനമായിരുന്നു കഴിഞ്ഞ തവണത്തേത്.
വനിതകള്‍ക്ക് ഏറെ പ്രാധാന്യം ലഭിച്ച സമ്മേളനവും 2018ലേതാണ്. സാമ്പത്തിക ഫോറത്തിലെ എല്ലാ സമ്മേളനങ്ങളിലും അധ്യക്ഷത വഹിച്ചത് സ്ത്രീകളായിരുന്നു. രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ്, നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ്, ഐബിഎം മേധാവി ഗിന്നി റൊമെറ്റ്, ഇന്ത്യയില്‍ നിന്നു ചേതന സിന്‍ഹ തുടങ്ങിയവരാണ് വിവിധ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചത്. ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തമുള്ള സാമ്പത്തിക ഫോറവും 2018ലേതാണ്. ഏകദേശം 21 ശതമാനം.
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും ഇത്തവണത്തെ സമ്മേളനത്തിലും വലിയ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ സംശയമില്ല. ഡാവോസിന്റെ മഞ്ഞുമലകളിലെ ചൂടന്‍ സംവാദങ്ങളിലേയ്ക്കാണ് എല്ലാവരുടെയും ശ്രദ്ധ.
റിപ്പോര്‍ട്ട്: എ.ടി അശ്വതി