ഹെലികോപ്ടര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ യു.എ.ഇ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ മറ്റൊരു തന്ത്രപരമായ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര കുറ്റവാളിയും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് ഇന്ത്യയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നേതൃത്വത്തിലാണ് ശക്തമായ നീക്കങ്ങള്‍ നടക്കുന്നത്.
ഇപ്പോള്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ അഭയം തേടിയിരിക്കുന്ന ദാവൂദ് അടിക്കടി ദുബായില്‍ സദര്‍ശനം നടത്താറുണ്ട് എന്നതാണ് പിടിവള്ളിയായി ഇന്ത്യ കാണുന്നത്. 1955 ഡിസംബര്‍ 27 ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ജനിച്ച ദാവൂദ് ഇപ്പോള്‍ 63 വയസ്സിലേക്ക് കടക്കുകയാണ്.
ഏകദേശ കണക്കു പ്രകാരം 44,511 കോടി രൂപയുടെ ആസ്തിയാണ് ഈ കുറ്റവാളിക്കുള്ളത്.ബോംബെ അധോലോകം ഹാജി മസ്താന്‍, കരിം ലാല, വരദരാജ മുതലിയാര്‍ എന്നീ മൂവര്‍ സംഘം അടക്കിവാണ കാലത്താണ് ദാവൂദിന്റെ രംഗപ്രവേശനം.
19 വയസ്സ് മാത്രം പ്രായമുള്ള ആ കാലത്ത് ഹാജി മസ്താന്റെ സംഘവും ദാവൂദിന്റെ സംഘവും തമ്മിലുണ്ടായ ഉരസല്‍ ഇവര്‍ തമ്മിലുള്ള അടുപ്പത്തിലാണ് കലാശിച്ചത്. ഹാജി മസ്താന്റെ പ്രിയ ശിഷ്യനായതോടെയാണ് ദാവൂദ് ബോംബെ അധോലോകത്തില്‍ അറിയപ്പെട്ടത്.
പിന്നീട് കരിം ലാലയുടെ പത്താന്‍ ഗാങ്ങുമായി ദാവൂദ് ഇബ്രാഹിം ബന്ധം സ്ഥാപിച്ചതോടെ ചോദ്യം ചെയ്യപ്പെടാത്ത മാഫിയ തലവനായി മാറാന്‍ വഴി ഒരുങ്ങി. ഇതിനു ശേഷം ഈ ഗാങ്ങുമായും ദാവൂദ് തെറ്റി. ക്രിമിനല്‍ പ്രവര്‍ത്തങ്ങളില്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സാബിര്‍ ഇബ്രാഹിമിന്റെ കൊലപാതകത്തിലാണ് കലാശിച്ചത്. ഇതിന് എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കിയാണ് ദാവൂദ് പകരം വീട്ടിയത്.
തുടര്‍ന്ന് ദുബായിലേക്ക് തന്റെ പ്രവര്‍ത്തന കേന്ദ്രം മാറ്റുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇടപെടല്‍ നടത്തുകയും ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്തിന്റെയും കള്ള നോട്ടിന്റെയും പ്രധാന സൂത്രധാരനായി വളരെ വേഗം ദാവൂദ് മാറി. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുമായി അടുത്ത ബന്ധം ഉണ്ടാക്കി.
1993ല്‍ മുംബൈ സ്‌ഫോടന പരമ്പരയിലേക്കാണ് ഈ ബന്ധം വളര്‍ന്നത്. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് 1999 ല്‍ ഇന്ത്യയും യു.എ.ഇയും കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതു തന്നെ ദാവൂദിനെ ലക്ഷ്യമിട്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ദുബായ് വിട്ട് ദാവൂദ് പാക്കിസ്ഥാനിലേക്ക് കളം മാറ്റിയത്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം വ്യാപകമായ കലാപം നടന്ന പ്രധാന നഗരം ബോംബെ ആയിരുന്നു. 1993 മാര്‍ച്ച് മാസം നഗരത്തില്‍ 12 ബോംബ് സ്‌ഫോടനങ്ങളാണ് ഈ അന്താരാഷ്ട്ര കുറ്റവാളി നടത്തിയത്.
പാക്കിസ്ഥാനുമായുള്ള ദാവൂദിന്റെ ബന്ധമാണ് അധോലോക ക്രിമിനല്‍ എന്നതില്‍ നിന്നും ആഗോള തീവ്രവാദി എന്ന നിലയിലേക്ക് മാറ്റമുണ്ടാക്കിയത്.
പാക്കിസ്ഥാനിലെ പ്രധാന തീവ്രവാദ സംഘടനകളുടെ പ്രിയങ്കരനാണ് ദാവൂദ് ഇപ്പോള്‍. ഇയാളുടെ ഡി കമ്പനിക്ക് ബ്രിട്ടന്‍, ജര്‍മ്മനി, മൊറോക്കോ, തുര്‍ക്കി, ഫ്രാന്‍സ്, സ്‌പെയിന്‍, സൈപ്രസ്, യു.എ.ഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിടങ്ങളിലും ശ്രംഘലകളുണ്ട്.
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ യുടെ നീക്കങ്ങളെ പേടിച്ച് കറാച്ചിയില്‍ പാക്ക് സൈനിക നേതൃത്വത്തിന്റെ സംരക്ഷണയിലാണ് ദാവൂദിന്റെ ജീവിതം.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നല്‍ ആക്രമണത്തെ തുടര്‍ന്ന് ദാവൂദിന്റെ സങ്കേതം പാക്ക് സൈന്യം മാറ്റിയെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.
ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടണ്‍ ദാവൂദിന്റെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ പാതയില്‍ യു.എ.ഇയും നടപടികള്‍ ശക്തമാക്കി കഴിഞ്ഞു.
വേഷം മാറി ദാവൂദ് ഇടക്ക് ദുബായില്‍ വരാറുണ്ട് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ പുതിയ കെണി ഒരുക്കിയതായാണ് സൂചന.
യു. എ. ഇ ഭരണകൂടത്തെ സംബന്ധിച്ച് ഇന്ത്യയെ പിണക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത് എന്നതിനാല്‍ എന്തു സഹായവും ചെയ്യാമെന്ന ഉറപ്പ് ഇന്ത്യക്ക് നല്‍കിക്കഴിഞ്ഞു.
ബ്രിട്ടന്റെ അപ്രീതി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യക്ക് വിട്ടു നല്‍കിയത് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ ഭരണ തലവന്‍മാരുമായുള്ള അടുപ്പം മുന്‍ നിര്‍ത്തിയാണ്.
ഒരു സൂചന പോലും കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നും പുറത്തു വിടുന്നില്ലെങ്കിലും ദാവൂദിനെ പിടികൂടുകയോ വധിക്കുകയോ ചെയ്യേണ്ടത് മോദി സര്‍ക്കാറിനെ സംബന്ധിച്ച് അനിവാര്യമായ ദൗത്യമാണ്.
ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സാധ്യമായതും അല്ലാത്തതുമായ സകല വഴികളും പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍.