ന്യൂഡല്‍ഹി: അധോലോക രാജാവും മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയുമായ ദാവൂദ് ഇബ്രാഹിം ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തുവാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് ലഭിച്ച് രഹസ്യ സൂചനയനുസരിച്ച് ദാവൂദിന്റെ സഹായിയായ ഒരു ആയുധ ഇടപാടുകാരന്‍ മെയ് 30 ന് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ഐ.ജി.ഐ എയര്‍പോര്‍ട്ട്, നിയമസഭാമന്ദിരം തുടങ്ങിയ സ്ഥലങ്ങളിലാണ് സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ വടക്കു പടിഞ്ഞാറന്‍ ഡിസ്ട്രിക്റ്റ് പൊലീസിന് കിട്ടിയ രഹസ്യ സൂചന സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് അവര്‍ കൈമാറുകയായിരുന്നു.
ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയായിരുന്നു ആദ്യം ദാവൂദിന്റെ ലക്ഷ്യമെങ്കിലും ഇപ്പോഴത് തലസ്ഥാന നഗരമായ ഡല്‍ഹിയിലേയ്ക്ക് മാറിയിരിയ്ക്കുന്നത് ഐ.എസ്.ഐയ്ക്ക് ഡല്‍ഹിയിലുള്ള താല്‍പ്പര്യത്തെയാണ് കാണിയ്ക്കുന്നത്. ഐ.എസ്.ഐ കറാച്ചിയില്‍ നിന്നും ദാവൂദിനെ കുറച്ചു കൂടി സുരക്ഷിത മേഖലയായ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറിലേയ്ക്ക് മാറ്റിയെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.