ന്യൂഡല്‍ഹി: അധോലോക നേതാവും അന്താരാഷ്ട്ര പിടികിട്ടാ കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹീമിനെ പിടികൂടി ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ദാവൂദിനെതിരായ സുപ്രധാന തെളിവുകള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട മന്ത്രി പക്ഷെ ദാവൂദിന്റെ അറസ്റ്റ് എന്നത്തേക്ക് ഉണ്ടാകുമെന്ന് വ്യക്തമാക്കിയില്ല.
ദാവൂദിനെ ഉടന്‍ തന്നെ പിടികൂടും. എന്ത് സംഭവിച്ചാലും അദ്ദേഹത്തെ ഇന്ത്യയില്‍ എത്തിക്കും. അയാള്‍ അന്താരാഷ്ട്ര കുറ്റവാളിയാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ പിടികൂടുന്നതിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ആവശ്യമാണ്. രാജ്‌നാഥ് സിംഗ് പറഞ്ഞു.
ദാവൂദ് പാകിസ്താനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഐഎസിന്റെ ഭീഷണി ഒന്നും നിലനില്‍ക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് വ്യക്തമാക്കുന്ന ഐഎസ് വീഡിയോയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ മുസ്ലിങ്ങളും ഐഎസിന് എതിരാണെന്നും അത്തരം അക്രമങ്ങളെ മുസ്ലിം സമുദായം തന്നെ എതിര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.