ന്യൂയോര്‍ക്ക്: മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ.
ദാവൂദിന്റെ പാകിസ്താനിലെ ഒമ്പത് മേല്‍വിലാസങ്ങളെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ യു.എന്‍ ഉപരോധ കമ്മിറ്റി ഇതില്‍ ആറെണ്ണം ശരിയാണെന്ന് സ്ഥിരീകരിച്ചു.
ദാവൂദ് ഇബ്രാഹിമിന് ഒളിത്താവളം ഒരുക്കിയ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന്റെ പാകിസ്താന്‍ മേല്‍വിലാസങ്ങള്‍ യുഎന്നിന് കൈമാറിയത്.
ഒരു വര്‍ഷം മുന്‍പ് ഈ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ കൈമാറാനിരുന്നതായിരുന്നു. എന്നാല്‍ ചര്‍ച്ച മുടങ്ങിയതിനെത്തുടര്‍ന്നാണ് ഇന്ത്യ വിവരങ്ങള്‍ യു.എന്നിന് കൈമാറിയത്.
തുടര്‍ന്ന് യു.എന്‍ നടത്തിയ അന്വേഷണത്തിലാണ് മേല്‍വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് കണ്ടെത്തിയത്.
സ്ഥിരമായി താവളങ്ങള്‍ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്താനിലാണ് ഉള്ളതെന്നും പാകിസ്താന്‍ ഏജന്‍സികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും ഇന്ത്യ നല്‍കിയ രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ എവിടെയാണ് ഉളളതെന്ന വിവരങ്ങള്‍ പുറത്ത് വിടാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ദാവൂദ് ഇബ്രാഹിം പാകിസ്താനിലില്ലെന്നും ഇക്കാര്യം മുമ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും പാകിസ്താന്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു. ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഇന്ത്യ നേരത്തെതന്നെ നല്‍കിയെങ്കിലും അവയെല്ലാം പാകിസ്താന്‍ നിഷേധിച്ചിരുന്നു.
മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ വീടിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ഒരു ദേശീയ ചാനല്‍ ഇതിന് മുന്‍പ് പുറത്ത് വിട്ടിരുന്നു. ഒളിക്യാമറ ഓപ്പറേഷനിലൂടെ നടത്തിയ അന്വേഷണത്തിലാണ് ദാവൂദിന്റെ പാകിസ്താനിലുള്ള വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണെന്ന് ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റണ്‍. സിന്ധിലെ മുന്‍ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ എന്നിവര്‍ക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്.