ന്യൂഡല്‍ഹി: പാര്‍ട്ടിയുമായി ഐക്യപ്പെട്ട് പോകാതിരുന്ന കാലത്ത് സോണിയ ഗാന്ധിയെ നിരീക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ഇന്റലിജന്‍സ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍.
റാവുവിന്റെ സ്വകാര്യ എഴുത്തുകളുമായി ഏറെ ബന്ധമുണ്ടായിരുന്ന വിനയ് സീതാപതിയതുടെ ‘അര്‍ധസിംഹം: ഇന്ത്യയെ പി.വി. നരസിംഹ റാവു എങ്ങനെ മാറ്റി’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
പുസ്തകം തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളില്‍ നടക്കുന്നത്. കോണ്‍ഗ്രസില്‍ റാവു അനിഷേധ്യ നേതാവായി മാറിയതോടെ സോണിയയും റാവുവും തമ്മിലുള്ള ഭിന്നത അന്നത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാനപ്പെട്ടതായിരുന്നു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് തൊട്ടുപിറ്റേന്ന് സോണിയയുടെ വസതിയായ 10 ജന്‍പഥിലേക്ക് ഒരു ഐ.ബി. ഉദ്യോഗസ്ഥനെ നരസിംഹ റാവു നിയോഗിച്ചു. തന്നെക്കുറിച്ച് ആരൊക്കെ പരാതിപ്പെടാന്‍ പോകുന്നു എന്നറിയുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യമെന്നും പുസ്തകം വ്യക്തമാക്കുന്നു.
തന്റെ മന്ത്രിസഭയില്‍ കയറാന്‍ ആഗ്രഹിക്കുന്നവരില്‍ എത്രപേര്‍ തനിക്ക് അനുകൂലമായിട്ടുണ്ട്, എത്രപേര്‍ 10 ജന്‍പഥിനോട് മമതയുള്ളവരുണ്ട് ഈ രണ്ട് കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിച്ച് തരാന്‍ റാവു അന്ന് ഐ.ബിയോട് ആവശ്യപ്പെട്ടിരുന്നു. അതിനായി ഐ.ബി. ലിസ്റ്റ് തയാറാക്കി നല്‍കുകയും ചെയ്തുവെന്ന് പുസ്തകം പറയുന്നുണ്ട്.
നരസിംഹ റാവുവിനെ നിരീക്ഷിക്കാന്‍ സോണിയ കോണ്‍ഗ്രസുകാരെ ഉപയോഗിച്ചിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം രണ്ടുവര്‍ഷം മൗനത്തിലായിരുന്ന സോണിയ പിന്നീട് റാവുവിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിങ്, എന്‍.ഡി. തിവാരി, നട്‌വര്‍ സിങ് എന്നിവരെ വളര്‍ത്തിയെടുത്തിരുന്നു. ഇവരിലൂടെ മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ വരെ സോണിയെ ചോര്‍ത്തിയെടുത്തിരുന്നതായും പറയുന്നു.
രാജീവ് വധം സംബന്ധിച്ച അന്വേഷണം ഇഴയുകയാണെന്ന് 1995 ആഗസ്റ്റില്‍ സോണിയ ആരോപിച്ചപ്പോള്‍പോലും റാവു പരസ്യവിമര്‍ശം നടത്തിയില്ല. പക്ഷേ, സോണിയയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയായിരുന്നുവെന്ന് പുസ്തകം വ്യക്തമാക്കുന്നു.
1998 ന് ശേഷം റാവുവിനെ കോണ്‍ഗ്രസില്‍നിന്നു തന്നെ തുടച്ചുനീക്കാനുറച്ച നടപടികളാണ് സോണിയയില്‍നിന്ന് ഉണ്ടായതെന്നും എഐസിസി ആസ്ഥാനത്ത് മൃതദേഹം കയറ്റുകപോലും ചെയ്തില്ലെന്നും പുസ്തകം ആരോപിക്കുന്നു.