ശ്രീനഗര്‍: പുല്‍വാമ മാതൃകയില്‍ ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു.ഷോപിയാന്‍ സ്വദേശിയായ ഹിദായത്തുള്ള മാലിക് എന്നയാളുടെ വാഹനത്തിലാണ് ഭീകരര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ആക്രമണത്തിന് തുനിഞ്ഞത്. ഹിസ്ബുള്‍ ഭീകരനായ ഇയാള്‍ തെക്കന്‍ കശ്മീരില്‍ സജീവമായി ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളാണ്.
മെയ് 28 നാണ് ഹിദായത്തുള്ളയുടെ ഉടമസ്ഥതയിലുള്ള സാന്‍ട്രോ കാറില്‍ 20 കിലോയിലധികം ഉഗ്ര സ്ഫോടകവസ്തുക്കള്‍ (ഐഇഡി)നിറച്ച് ആക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വാഹനം തടഞ്ഞു നിര്‍ത്തി ഈ വന്‍ ആക്രമണ പദ്ധതി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുകയായിരുന്നു.
വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു.കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സുരക്ഷഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് ഭീകരര്‍ കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ സുരക്ഷിതമായി ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കുകയും ചെയ്തു.
സൈന്യവും പൊലീസും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ആക്രമണം തടയാനായത്.
കഴിഞ്ഞ രണ്ടു മാസമായി കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 സുരക്ഷാ സേനാംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ 38 തീവ്രവാദികളെയും സുരക്ഷാ സേന വകവരുത്തിട്ടുണ്ട്.ഇതിനിടെയാണ് കാര്‍ബോംബ് ആക്രമണം നടത്താനുള്ള ശ്രമം നടന്നത്.