തൃശൂര്‍: പ്രശസ്തയായ സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആര്‍.ആര്‍.ടി.സി ബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ടു. ശനിയാഴ്ച വൈകീട്ട് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് മോശമായ പദപ്രയോഗങ്ങള്‍ നടത്തി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ദയാബായിയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തത്.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് ദയാബായി പറഞ്ഞു.
ഫാ. വടക്കന്‍ മെമ്മോറില്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തൃശൂരിലെ പാവറട്ടിയില്‍ എത്തിയ ദയാബായി അവിടെ ഒരു സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് ക്യാമ്പില്‍ ക്ലാസെടുക്കാനും പോയിരുന്നു. അവിടെ നിന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വൈകീട്ട് അഞ്ചോടെ ദയാബായിയെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വാഹനത്തില്‍ എത്തിച്ചു. ആലുവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അവരുടെ യാത്ര.
ബസില്‍ കയറുമ്പോള്‍ പലപ്പോഴും മോശമായ പെരുമാറ്റമുണ്ടായിട്ടുള്ളതിനാല്‍ ട്രെയിനില്‍ പോകാനാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ പൊലീസുകാരോട് പറഞ്ഞു. എന്നാല്‍, അവധിയുടെ തിരക്കായതിനാല്‍ ട്രെയിന്‍ യാത്ര ദുരിതപൂര്‍ണമാകുമെന്നും ഒന്നര മണിക്കൂറിനുള്ളില്‍ ആലുവയില്‍ എത്തുമെന്നും പൊലീസുകാര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ തന്നെ ബസിനുള്ളില്‍ കയറി സീറ്റ് തരപ്പെടുത്തി അവരെ യാത്രയാക്കി.
ആലുവയില്‍ ഇറങ്ങാനാണ് താന്‍ ടിക്കറ്റെടുത്തെന്ന് അവര്‍ പറഞ്ഞു. വടക്കാഞ്ചേരി ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്കുള്ള ബസായിരുന്നു. ബസ് ആലുവയില്‍ എത്താറായപ്പോള്‍ അവിടത്തെ പരിപാടിയുടെ സംഘാടകര്‍ വിളിച്ച് ആലുവ സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചു. ആലുവ സ്റ്റാന്‍ഡ് എത്താറായോ എന്ന് താന്‍ ഡ്രൈവറോട് ചോദിച്ചപ്പോള്‍ വളരെ മോശമായ പെരുമാറ്റമാണ് അയാളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ദയാബായി പറഞ്ഞു.
കുറച്ചു കഴിഞ്ഞ് കണ്ടക്ടര്‍ എത്തിയപ്പോള്‍ തനിക്ക് സ്റ്റാന്‍ഡിലാണ് ഇറങ്ങേണ്ടതെന്നും അവിടെ ഇറക്കാമോയെന്നും ചോദിച്ചുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ആലുവ വരെയുള്ള ടിക്കറ്റാണ് താന്‍ തന്നിട്ടുള്ളതെന്നും അതിനാല്‍ ആലുവ ജങ്ഷനില്‍ ഇറങ്ങിക്കോളണമെന്നും ഭീഷണി കലര്‍ന്ന ഭാഷയില്‍ കണ്ടക്ടര്‍ പ്രതികരിച്ചു. സ്റ്റാന്‍ഡില്‍ ഇറങ്ങാനുള്ള ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കൂട്ടാക്കിയില്ലത്രേ. തുടര്‍ന്ന് വളരെ മോശമായ പദപ്രയോഗങ്ങള്‍ അയാള്‍ നടത്തിയെന്നും ദയാബായി പറഞ്ഞു.
തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇടപെട്ട് ഇറക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആലുവ ജങ്ഷന്‍ കഴിഞ്ഞ് അല്‍പം മുന്നിലെ റോഡില്‍ വൈകീട്ട് ഏഴോടെ തന്നെ ഇറക്കി വിടുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സാംസ്‌കാരിക കേരളത്തില്‍ നിന്നും തനിക്ക് അനുഭവിക്കേണ്ടിവന്ന തിക്താനുഭവമാണിതെന്നും ഇത് മറക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. തന്റെ വസ്ത്രവിധാനം കണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ചപ്പോഴും കണ്ടക്ടര്‍ മോശമായാണ് പ്രതികരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.