മുനമ്പത്തു നിന്ന് മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തില്‍ പൊലീസ് . ബോട്ടില്‍ ജി.പി.ആര്‍.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാല്‍ കോസ്റ്റ്ഗാര്‍ഡിനും കണ്ടെത്താനായിട്ടില്ല. മുനമ്പത്ത് നിന്നും ഈ ബോട്ടില്‍ എഴുപത് പേര്‍ പോയതായതാണ് പൊലീസ് കരുതുന്നത്.
ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാല്‍ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാല്‍ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡിന് പരിശോധന നടത്താനും കഴിയില്ല. നേവിക്ക് മാത്രമേ പിന്നീട് ഈ ബോട്ട് കണ്ടെത്താനാവൂ. മുനമ്പത്ത് നിന്നും ഈ ബോട്ട് ഒരു കോടി 2 ലക്ഷം രൂപക്ക് വാങ്ങിയ ഒരു ഉടമയായ ശ്രീകാന്തിനെ സംബന്ധിച്ചും ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുനമ്പത്ത് നിന്നും ന്യൂസിലാന്റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ‘ ബോട്ട് കണ്ടെത്തല്‍ പ്രയാസകരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും ബോട്ടില്‍ അഭയാര്‍ത്ഥികള്‍ പോയതായി വിവരം ലഭിച്ചിട്ടും കോസ്റ്റ് ഗാര്‍ഡ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. മുനമ്പ ഹാര്‍ബറിലെ സീന എന്ന പേരിലുള്ള പമ്പില്‍ നിന്നും ഈ ബോട്ടില്‍ കണക്കില്‍ കൂടുതല്‍ ഇന്ധനം അടിച്ചതായും ഭക്ഷണ വസ്തുക്കള്‍ ശേഖരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. 70 പേര്‍ ഈ ബോട്ടില്‍ പുറപ്പെട്ടന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.